വനിതാ ഡോക്ടര്‍ വിവാഹമോചിത, ഇടപാടുകള്‍ വാട്‌സാപ്പ് ചാറ്റ് വഴി; എല്ലാം തുടങ്ങിയത് പഠനകാലത്ത്

Monday 12 May 2025 7:07 PM IST

ഹൈദരാബാദ്: വനിതാ ഡോക്ടറും സ്വകാര്യ ആശുപത്രിയിലെ സിഇഒയുമായിരുന്ന നമ്രത ചിഗുരുപതി (34) മയക്കുമരുന്നിന് കടുത്ത അടിമയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മാരക മയക്കുമരുന്നായ കൊക്കെയ്‌നുമായി നമ്രത പിടിയിലായത്. വനിതാ ഡോക്ടര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെലങ്കാനയിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടപാടുകാരനായ ബാലകൃഷ്ണയെന്ന ആളിനൊപ്പമാണ് സാധനം വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായത്. മുംബയ് സ്വദേശിയായ വംശ്ധാക്കര്‍ എന്നയാളില്‍ നിന്നാണ് നമ്രത മയക്കുമരുന്ന് വാങ്ങിയിരുന്നത്. വാട്‌സാപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ശേഷം അഞ്ച് ലക്ഷം രൂപയും സാധനത്തിന് വിലയായി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ പേമെന്റ് വഴിയാണ് പണം കൈമാറിയത്. ഓരോ ദിവസവും ചുരുങ്ങിയത് പത്ത് തവണയെങ്കിലും നമ്രത കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മയക്കുമരുന്ന് ഉപയോഗം കാരണം ഉറക്കത്തിനിടെ ഓരോ രണ്ടുമണിക്കൂര്‍ കൂടുമ്പോഴും എഴുന്നേല്‍ക്കുന്നതും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ഉറക്കഗുളികയും ഇവര്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളായി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥരും പൊലീസും വനിതാ ഡോക്ടറെ നിരീക്ഷിച്ച് വരികയായിരുന്നു. വീട്ടിലെത്തിയ പോലീസുകാരോട് ഡോ. നമ്രത തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് മയക്കുമരുന്ന് ഇടപാടിനിടെ പോലീസ് സംഘം ഇവരെ 53 ഗ്രാം കൊക്കെയ്നുമായി പിടികൂടിയത്.

മുംബൈയില്‍നിന്ന് കൊക്കെയ്നുമായി എത്തിയ ഇടനിലക്കാരനായ ബാലകൃഷ്ണ ഇത് ഡോക്ടര്‍ക്ക് കൈമാറുന്നതിനിടെയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞത്. ഡോക്ടറുടെ മിനികൂപ്പര്‍ കാറില്‍വെച്ചായിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആശുപത്രി ശൃംഖലയായ 'ഒമേഗ ഹോസ്പിറ്റല്‍സി'ന്റെ സിഇഒയായിരുന്നു ഡോ. നമ്രത. ഒമേഗ ഹോസ്പിറ്റല്‍സ് സ്ഥാപകനും എംഡിയുമായ ഡോ. മോഹനവംശിയുടെ മകളാണ്.

കാന്‍സര്‍ ചികിത്സ നല്‍കിയിരുന്ന ഒമേഗ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് കൂടിയായിരുന്നു ഇവര്‍. രണ്ട് കുട്ടികളുടെ അമ്മയായ ഡോ. നമ്രത വിവാഹമോചിതയാണെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പഠനകാലം മുതലാണ് നമ്രത ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.