എൻ.എം. വിജയന്റെ ആത്മഹത്യയും നടക്കാത്ത കോൺഗ്രസ് വാഗ്ദാനവും
വയനാട് ഡി.സി.സി ട്രഷറായിരുന്ന എൻ.എം വിജയന് കോൺഗ്രസിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുണ്ട്. അതിനിടെ ഒരു തെറ്റ് മാത്രമെ വിജയൻ ചെയ്തുള്ളു. ഒന്ന് മറം കണ്ടം ചാടി. ലീഡർ കെ. കരുണാകരനും മകൻ കെ. മുരളീധരന്റെയും നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് വിട്ട് ഡി. ഐ.സി രൂപീകരിച്ചു. ലീഡർ എന്നാൽ എൻ.എം. വിജയന് ജീവനാഡിയാണ്. ഒട്ടും ആലോചിച്ചില്ല എൻ.എം. വിജയൻ ലീഡർക്കൊപ്പം പോയി. ഡിക്ക് പിരിച്ച് വിട്ടപ്പോൾ വീണ്ടും കോൺഗ്രസിലേക്ക് തന്നെ തിരിച്ച് വന്നു. സുൽത്താൻ ബത്തേരിയുടെ പൾസറിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായി എൻ.എം. വിജയൻ പിന്നീട് മാറി. സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി രണ്ടുതവണയും രണ്ടരവർഷം പ്രസിഡന്റായും ഇരുന്നു.
യു.ഡി.എഫിലെ ധാരണ പ്രകാരം രണ്ടരവർഷം ലീഗിലെ പി.സി. അഹമ്മദും രണ്ടരവർഷം കോൺഗ്രസിലെ എൻ.എം. വിജയനും പ്രസിഡന്റായി.
ഇടക്കാലത്ത് സുൽത്താൻ ബത്തേരി സർവ്വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചു. ജില്ലയിലെ കോൺഗ്രസിന്റെ അമരത്തേക്ക് വിജയൻ എത്തിയത് പിൻവാതിലിലൂടെയല്ല, മറിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനം നടത്തി തന്നെയാണ്. അത്രക്കും ജനപിന്തുണ വിജയന് ഉണ്ടായിരുന്നു. പിന്നെ ജില്ലാ കോൺഗ്രസ് ട്രഷറർ പദവിയും എൻ.എം. വിജയനെ തേടിയെത്തി. തൂണിനോടും തുരുമ്പിനോടും വർത്തമാനം പറഞ്ഞ് പോകുന്ന പൊതുപ്രവർത്തകൻ. ഇന്നത്തെ പൊതുപ്രവർത്തകരിൽ പലർക്കും ഇല്ലാത്തതും ഇത്തരമൊരു ചങ്ങാത്തമാണ്.
ജീവനെടുത്ത
വിവാദങ്ങൾ
തുടർച്ചയായി കോൺഗ്രസ് ഭരിച്ചു വന്ന സുൽത്താൻ ബത്തേരിയിലെ അർബ്ബൻ ബാങ്ക് കോഴ നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ മറ്റ് നേതാക്കളോടൊപ്പം വിജയന്റെ പേരും ഉയർന്നുവന്നു. സഹകരണ ബാങ്കുകളിലെ കോഴ നിയമനം വലിയൊരു തലവേദനയായി. കോൺഗ്രസ് വരുത്തി വച്ച ബാദ്ധ്യതയായിരുന്നു അത്. കോടികളുടെ ബാദ്ധ്യത. കണക്കുകൂട്ടലുകൾ തെറ്റി. എല്ലാം വിജയന്റെ തലയിലായി. നിയമനം ലഭിക്കാത്തവർ സുൽത്താൻ ബത്തേരി മണിച്ചിറയിലെ മണിച്ചിറക്കൽ വീട്ടിലെത്താൻ തുടങ്ങി. ഇളയ മകൻ ജിജേഷിനും സഹകരണ ബാങ്കിൽ ഒരു താത്ക്കാലിക ജോലിയുണ്ടായിരുന്നു. പുതിയ നിയമനം വന്നതോടെ അതും നഷ്ടമായി. ജീവന് തുല്യം സ്നേഹിച്ച പാർട്ടി അവിടെയും വിജയനെ ചതിച്ചു. കടക്കാർക്കൊപ്പം വീട്ടിലേക്ക് ജപ്തി നോട്ടീസുകളും പ്രവഹിക്കാൻ തുടങ്ങി. കടക്കാർക്ക് കൊടുക്കാനുള്ളത് ആയിരമോ പതിനായിരമോ അല്ല, കോടികളാണ്. കാശ് വാങ്ങിയവരോടൊക്കെ അവധി പറഞ്ഞ് മടുത്തു. നേതൃത്വം കൈയൊഴിഞ്ഞതോടെ വിജയന്റെ വാക്കുകൾക്ക് വിലയില്ലാതായി. അഭിമാനം, അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കുറെ രാത്രികളും പകലും ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്, ആത്മഹത്യ. കഴിഞ്ഞ ഡിസംബർ 24ന് വിജയനെയും മകൻ ജിജേഷിനെയും വീട്ടിനകത്ത് വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. 26ന് വൈകിട്ട് ഇരുവരും മരണപ്പെട്ടു. കോൺഗ്രസ് നേതാക്കൾ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് വേദന പങ്കുവച്ച് മടങ്ങി. പക്ഷെ വിജയൻ എല്ലാം വ്യക്തമാക്കിക്കൊണ്ട് കുറെ എഴുത്തുകൾ തയ്യാറാക്കിയിരുന്നു. ഉറക്കമൊഴിച്ച് പല രാത്രികളിലായി തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പുകൾ. രാഹുൽഗാന്ധി എം.പി മുതൽ എല്ലാ കെ.പി.സി.സിയിലെ നേതാക്കൾക്കും ഘടകങ്ങൾക്കും ആത്മഹത്യക്കുളള കാരണങ്ങൾ വളരെ വ്യക്തമായി എഴുതി വച്ചിരുന്നു. ഇതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരൊക്കെ വിജയന്റെ ആത്മഹത്യാ കുറിപ്പിലെ പേരുകളായിരുന്നു. ശവസംസ്ക്കാരത്തിന് ശേഷം മകൻ വിജേഷും മരുമകൾ പത്മജയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് സത്യം വിളിച്ച് പറഞ്ഞപ്പോൾ കെ.പി.സി. സി നേതൃത്വം ഞെട്ടി. കെ.പി.സി.സിയുടെ പങ്കും ആരോപണങ്ങളിൽ മുഴച്ച് നിന്നു. നിയമനവുമായി ബന്ധപ്പെട്ട് പണം നൽകിയവർ പൊലീസിൽ പരാതിയുമായി രംഗത്തെത്തിയപ്പോൾ കഥയാകെ മാറി. കെ.പി.സി.സി നേതൃത്വം വിജയന്റെ വീട്ടിലേക്ക് ഓടിയെത്തി. മകനെയും മരുമുകളെയും പ്രത്യേകം കണ്ടു. രാഹുലും പ്രിയങ്കയും വീട്ടിലെത്തി പ്രശ്നത്തിൽ ഇടപെട്ടു. സത്യങ്ങൾ വിളിച്ച് പറയുമെന്ന് ഭയപ്പെട്ട നേതൃത്വം ഇവരെ പറഞ്ഞ് സമാധാനിപ്പിച്ചു. പത്തുലക്ഷം രൂപ തത്ക്കാലം നൽകി. മാസം ആറ് കഴിയുന്നു. നേതാക്കൾ വിജയന്റെ കുടുംബത്തോട് നൽകിയ വാഗ്ദാനങ്ങളൊന്നും ഇതേവരെ നിറവേറ്റിയില്ല. മേയ് നാലിന് വയനാടിന്റെ എം.പി കൂടിയായ പ്രിയങ്ക വയനാട്ടിൽ വന്നു. സുൽത്താൻ ബത്തേരിയിൽ എത്തിയ പ്രിയങ്കയെ കാണാൻ മകനും മരുമകളും പോയി. പക്ഷെ ഇരുവരെയും കാണാൻ ജില്ലാ നേതൃത്വം അനുവദിച്ചില്ല. വിഷമത്തോടെ അന്ന് തന്നെ ഇരുവരും വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി കോഴ നിയമനത്തിലെ തട്ടിപ്പിനെക്കുറിച്ച് പലതും വിളിച്ച് പറയുമെന്ന് മുന്നറിയിപ്പ് നൽകി. എൻ.എം. വിജയൻ മരണപ്പെടുമ്പോൾ ബാദ്ധ്യത രണ്ടര കോടിയായിരുന്നു. ദിവങ്ങൾ കഴിയുന്തോറും അത് കൂടി വന്നു. നേതൃത്വം നൽകാമെന്ന് പറഞ്ഞ തുക നൽകിയില്ലെങ്കിൽ തങ്ങൾക്കും അച്ഛന്റെ പാത തിരഞ്ഞെടുക്കേണ്ടി വരുമെന്നും അതിന് മുമ്പ് നടന്ന സംഭങ്ങളൊക്കെ വെളിപ്പെടുത്തേണ്ടി വരുമെന്നും ഇരുവരും വ്യക്തമാക്കി. അച്ഛൻ പാർട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്. ആ പാർട്ടിയെ കരിവാരി തേക്കാൻ തങ്ങൾക്കാവില്ല. പക്ഷെ അച്ഛനോട് ചെയ്ത നീതി കേടിനെക്കാൾ വലുതാണ് തങ്ങളോട് ചെയ്തതെന്നും ഇരുവരും വെളിപ്പെടുത്തി. ഖദറിട്ട് പുണ്യാളന്മാരായി നടക്കുന്നവരുടെ മുഖം സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുമെന്ന് ഇരുവരും പറഞ്ഞു.
പുതിയ
നേതൃത്വത്തിൽ പ്രതീക്ഷ
പിന്നെയും ചർച്ചകൾ. നേതാക്കൾ ഇരുവരെയും ജില്ലാ ആസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിലേക്ക് വിളിപ്പിച്ചു. എല്ലാം സെറ്റിലാക്കാമെന്ന് വീണ്ടും ഉറപ്പ്. പത്ത് ദിവസത്തിനുളളിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ എല്ലാം വെളിപ്പെടുത്തുമെന്നാണ് ഇരുവരും വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടരക്കോടി രൂപയുടെ ബാദ്ധ്യതയിൽ രണ്ട് ബാങ്കിലുളള ഒരു കോടിയോളം രൂപയും സ്വകാര്യ വ്യക്തികൾക്ക് നൽകാനുളള 25 ലക്ഷം രൂപയും ഉടൻ നൽകുമെന്ന ഉറപ്പ് കുടുംബത്തിന് നൽകി. വർക്കിംഗ് പ്രസിഡന്റായിരുന്ന ടി. സിദ്ദീഖ് എം.എൽ.എ, എ.പി.അനിൽകുമാർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി വന്നതോടെ ചെറിയൊരു പ്രതീക്ഷ കുടുംബത്തിനുണ്ട്. നേരത്തെ കെ.പി.സി.സി നിയമിച്ച നിലവിലെ അന്വേഷണ കമ്മീഷനിലെ അംഗമാണ് സണ്ണി ജോസഫ്.
അതിനിടെ സഹകരണ ബാങ്കുകളിലെ കോഴ നിയമനവുമായി ബന്ധപ്പട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തിവന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ കേസെടുക്കാമെന്ന് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രഥമ ദൃഷ്ട്യാ കേസെടുക്കണമെന്ന് കാണിച്ചുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് കൈമാറി. മൂന്നുമാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിജയന്റെ കുടുംബത്തിന് നേതാക്കൾ ഉണ്ടാക്കി വച്ച കടബാദ്ധ്യത ഏറ്റെടുക്കുമെന്ന് കെ.പി.സി.സി നേതൃത്വം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് തീരുമാനമാകാതെ വന്നപ്പോഴാണ് മക്കൾ വീണ്ടും ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പുമാണ് പടിവാതിൽക്കൽ. അതിനിടക്ക് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഇരുകാതും കൂർപ്പിച്ച് നിൽക്കുന്ന സി.പി.എമ്മിന് ഇതൊരു നല്ല വിഷയമായി മാറുമെന്ന് തീർച്ച.