മുഖംമൂടി ആക്രമണം: മൂന്നുപേർക്ക് ഗുരുതര പരിക്ക്

Tuesday 13 May 2025 1:54 AM IST

പൂവാർ: അവണാകുഴിയിൽ മുഖംമൂടി ധരിച്ചെത്തിയവരുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മാർത്താണ്ഡം കുളത്തിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന ഷാജി (47,നീലൻ), മക്കളായ നിധിൻ ഗിരീഷ് (25), ജിഷ്ണു ഷാജി (21) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന്പേരും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി 7.30നായിരുന്നു സംഭവം. കുളത്തിന് സമീപം താമസിക്കുന്ന (ലുട്ടാപ്പി) യുടെ

മകൻ 10-ാം ക്ലാസ് വിജയിച്ചതിന്റെ ആഘോഷം നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പടക്കം പൊട്ടിച്ചത് ലുട്ടാപ്പിയുടെ ജ്യേഷ്ഠൻ ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ ഏറ്റുമുട്ടി. ഇവരെ പിടിച്ചുമാറ്റാനെത്തിയതായിരുന്ന ഷാജിയും മക്കളും. ഇതിനിടെ കമ്പ്യൂട്ടർ അനീഷ് എന്ന്‌വിളിക്കുന്ന സനു ഇടപെട്ടത് പ്രശ്നം വഷളാക്കി.

ഇരുകൂട്ടരും ആദ്യം പിരിഞ്ഞുപോയെങ്കിലും രാത്രിയോടെ മുഖംമൂടി ധരിച്ച് കമ്പിവടിയും വാളുമായെത്തിയ ആറംഗസംഘം ഷാജിയേയും മക്കളെയും ആക്രമിക്കുകയായിരുന്നു. ജിഷ്ണു ഷാജി സമീപത്തെ മുരുകൻ ക്ഷേത്രത്തിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ ആക്രമികൾ ജിഷ്ണുവിനെ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. ഇയാളെ ആദ്യം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.