ജില്ലാ കോടതിക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

Tuesday 13 May 2025 2:19 AM IST

തിരുവനന്തപുരം: വഞ്ചിയൂർ ജില്ലാ കോടതിക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. ഉച്ചയ്ക്ക്

12.30ഓടെ ജില്ലാ കോടതി മെയിലിലാണ് ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2ന് പൊട്ടുമെന്നുമുള്ള വ്യാജ ഭീഷണിയെത്തിയത്.

തുടർന്ന് വഞ്ചിയൂർ പൊലീസ്,ബോംബ് സ്ക‌്വാഡ്,ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ പൊലീസ് പരിശോധന നടത്തിയെങ്കിലും,സംശകരമായി ഒന്നും കണ്ടെത്തിയില്ല.ഒരു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഭീഷണിയുണ്ടാകുന്നത്.

ബോംബ് കണ്ടെത്തുന്നതിൽ വിദഗ്‌ദ്ധ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ എത്തിച്ചാണ് പരിശോധനകൾ നടത്തിയത്.അത്യാഹിതമുണ്ടായാൽ നേരിടാൻ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളും സജ്ജമാക്കിയിരുന്നു. ഇവിടെയെത്തിയവരുടെ ലഗേജുകളും വാഹനങ്ങളും ഉൾപ്പെടെ പരിശോധിച്ചു.

സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾക്കും ഹോട്ടലുകൾക്കും എതിരായ വ്യാജ ബോംബ് ഭീഷണി പരമ്പരയുടെ ഭാഗമാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.