ബിസ്മി ജില്ലയിലെ ആദ്യ വനിത എക്സൈസ് ഇൻസ്‌പെക്ടർ
ആലപ്പുഴ: ജില്ലയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത എക്സൈസ് ഇൻസ്പെക്ടറായി എത്തുന്നു. ഹരിപ്പാട് താമല്ലാക്കൽ സ്വദേശി ബിസ്മി ജെസീറയാണ് ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറായി 30ന് ചാർജ്ജെടുക്കുക.
കെ.എസ്.എഫ്.ഇയിലും ലേബർ വെൽഫെയർ ബോർഡിലും ജോലി ലഭിച്ചെങ്കിലും യൂണിഫോമിനോടുള്ള പ്രിയം കൊണ്ടാണ് ഈ തസ്തിക തിരഞ്ഞെടുക്കാൻ കാരണമെന്ന് ബിസ്മി പറഞ്ഞു.
2016ലാണ് വനിതകൾക്കും എക്സൈസ് ഇൻസ്പെക്ടറാകാമെന്ന് സർക്കാർ തീരുമാനം ഉണ്ടായത്. 2019ൽ പി.എസ്.സി ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദധാരിയായ ബിസ്മി, ഐ.ടി പ്രഫഷണലായും അദ്ധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. 10നായിരുന്നു ബിസ്മിയുടെ പാസിംഗ് ഔട്ട്. അന്നുതന്നെ നിയമന ഉത്തരവും വന്നു. ചക്കാലയിൽ വീട്ടിൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയറായ ഹാഷിർ മുഹമ്മദാണ് ഭർത്താവ്. മകൻ ആറാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിഹാൻ. ബഷീറിന്റെയും മുൻ ഡെപ്യൂട്ടി കളക്ടർ ബീഗം താഹിറയുടെയും മകളാണ്.