അടിമാലി ഫെസ്റ്റ് സമാപിച്ചു

Tuesday 13 May 2025 12:08 AM IST

അടിമാലി: 11 ദിവസങ്ങളിലായി നടന്നു വന്നിരുന്ന അടിമാലി ഫെസ്റ്റ് സമാപിച്ചു. ഒമ്പതു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അടിമാലി ഫെസ്റ്റ് ഇത്തവണ വീണ്ടുമെത്തിയത്. ഫെസ്റ്റിനെ അടിമാലിയിലും പരിസരപ്രദേശ ങ്ങളിലുമുള്ളവർ ഏറെ ആവേശത്തോടെ സ്വീകരിച്ചു. ഈ മാസം ഒന്നു മുതൽ 11 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിന് ഞായറാഴ്ച രാത്രിയിൽ സമാപനമായി. സമാപന സമ്മേളനം അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടിമാലി സർക്കാർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ഫെസ്റ്റിന് ലഭിച്ചത് വലിയ ജനപങ്കാളിത്തമാണ്. അര ലക്ഷത്തിലധികം പേർ ഫെസ്റ്റ് കണ്ട് മടങ്ങിയതായാണ് സംഘാടകരുടെ വിലയിരുത്തൽ. ദിവസവും അരങ്ങേറിയ കലാസന്ധ്യയ്ക്കടക്കം ഫെസ്റ്റ് നഗരിയിൽ വലിയ സ്വീകാര്യത ലഭിച്ചു. കലാസന്ധ്യ ആസ്വദിക്കാൻ അടിമാലിയിൽ നിന്ന് മാത്രമല്ല സമീപ പ്രദേശങ്ങളിൽ നിന്നും കലാസ്വാദകർ ഫെസ്റ്റ് നഗരിയിലേക്കെത്തി. എക്സിബിഷനുകൾ, പെറ്റ് ഷോ, സെമിനാറുകൾ, വിപണന പ്രദർശന മേളകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇവയ്ക്കും മികച്ച ജനപിന്തുണ ലഭിച്ചു. കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ആകർഷിക്കുന്ന അമ്യൂസ്‌മെന്റ് പാർക്കും മരണക്കിണറുമെല്ലാം ഫെസ്റ്റ് നഗരിക്ക് കൂടുതൽ ആവേശം പകർന്നു. അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടന്നത്. 1992ലാണ് വിവിധ സാംസ്‌കാരിക സംഘടനകൾ മുൻകൈയെടുത്ത് അടിമാലി ഫെസ്റ്റിന് തുടക്കം കുറിച്ചത്‌.