കാന്താര- 2 ൽ വീണ്ടും അത്യാഹിതം ,​ രാകേഷ്‌ പൂജാരിയുടെ വിയോഗത്തിൽ ഞെട്ടലും ദുരൂഹതയും

Tuesday 13 May 2025 3:17 AM IST

കന്നട താരം രാകേഷ് പൂജാരി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞതിന്റെ ഞെട്ടലിലാണ് കന്നട ടെലിവിഷൻ - ചലച്ചിത്രലോകം. ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് 33 കാരനായ രാകേഷിന് ഹൃദയാഘാതം വന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒരാഴ്ചയ്ക്കിടെ കാന്താര 2 സിനിമയുടെ ഭാഗമായ രണ്ടു പേർ മരണമടഞ്ഞതിൽ ദുരൂഹതയും ഉയരുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2 ൽ പ്രധാന വേഷത്തിലാണ് രാകേഷ് പൂജാരി എത്തുന്നത്.

കാന്താര 2 അഭിനയിക്കാൻ പോയ വൈക്കം സ്വദേശിയായ കപിൽ സൗപർണിക നദിയിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചു.

ചൊവ്വാഴ്ച സഹപ്രവർത്തകരുമായി കുളിക്കാൻ ഇറങ്ങുമ്പോൾ ഒഴുക്കിൽപ്പെടുകായിരുന്നു. ഇതിനെ തുടർന്ന് ചിത്രീകരണം നിറുത്തിവച്ചു. കാന്താര 2 ചിത്രീകരണം ആരംഭിച്ച ശേഷം ലൊക്കഷനിൽ പല അത്യാഹിതങ്ങളും അരങ്ങേറി. 20 ജൂനിയർ ആർട്ടിസ്റ്റുകളുമായി പോയ ബസ് അപകടത്തിൽപ്പെട്ടിരുന്നു. ഇവരിൽ പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. അനുമതിയില്ലാതെ കാട്ടിൽ സ് ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമവാസികൾ സംഘത്തെ നേരിട്ടു. ഇതു പിന്നീട് ഏറ്റുമുട്ടലിൽ കലാശിച്ചു. വിഷയത്തിൽ പരിസ്ഥിതി സംഘടനകൾ ഇടപെടുകയും വനംവകുപ്പ് കേസ് എടുക്കുകയും ചെയ്തു. അതേസമയം കോമഡി റിയാലിറ്റി ഷോയിൽ വിജയിയായ രാകേഷ് പൂജാരി കന്നട സിനിമാരംഗത്ത് പ്രശസ്തിയിലേക്ക് ഉയരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം.രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന കാന്താര 2

ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ഒക്ടോബർ 2ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ നായകനും ഋഷഭ് ഷെട്ടിയാണ്.