ലഹരി സംഘങ്ങൾ വേരൂന്നി വനമേഖല

Tuesday 13 May 2025 1:20 AM IST

പാലോട്: നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ പൊലീസ്, എക്സൈസ് ഇടപെടലുകളെ തുടർന്ന് ഉൾവലിഞ്ഞിരുന്ന ലഹരിമാഫിയ സംഘങ്ങൾ വീണ്ടും സജീവമാകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണികണ്ടെത്താൻ വനമേഖലയോട് ചേർന്ന പ്രദേശങ്ങൾ കൂടുതൽ സൗകര്യമായതിനാൽ സന്ധ്യകഴിഞ്ഞ് ഈ വഴി സഞ്ചരിക്കാൻ യാത്രക്കാർക്ക് പേടിയാണ്. ആദിവാസി ഗ്രാമീണരുടെ ഉന്നമനത്തിനായി സർക്കാർ നിരവധി സംവിധാനങ്ങൾ ആവിഷ്കരിക്കുമ്പോഴും ലഹരിസംഘങ്ങളുടെ ചൂഷണം കാരണം ആത്മഹത്യയിലേക്ക് അഭയം പ്രാപിക്കുന്നവർ ഇവിടെ ഏറെയാണ്. നിലവിൽ ബോധവത്കരണ പരിപാടികൾ നടത്താറുണ്ടെങ്കിലും ലഹരിമാഫിയയെ തുരത്താൻ കഴിയാറില്ല.

ചീറിപ്പാഞ്ഞ് വാഹനങ്ങൾ

രാത്രിയായാൽ പാലോട് കല്ലറ റൂട്ടിലും ചെങ്കോട്ട നെടുമങ്ങാട് റൂട്ടിലും വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണം. ഇല്ലെങ്കിൽ അപകടം ഉറപ്പാണ്. ബ്രൈറ്റ് ലൈറ്റിട്ട് പാഞ്ഞുവരുന്ന വാഹനങ്ങൾ കണ്ടാൽ യാത്രക്കാർ മാറിക്കൊടുക്കണം. രാത്രി 11 കഴിഞ്ഞ് ഇത്തരത്തിലാണ് വാഹനങ്ങളുടെ യാത്ര. ഇതിൽ വില്പന നടത്തി പോകുന്നവരും ഉത്പന്നങ്ങൾ വാങ്ങിയും ഉപയോഗിച്ചും മടങ്ങുന്നവരും ഉണ്ടെന്നാണ് വിവരം.

 വാക്കായി എക്സൈസ് ഓഫീസ്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രിയായിരുന്ന എ.കെ.ബാലൻ പാലോട്ട് എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദിവാസി ഊരുകളിൽ ലഹരി ഉപയോഗവും ആത്മഹത്യകളും പെരുകിയ സാഹചര്യത്തിലായിരുന്നു. പ്രഖ്യാപനം. എന്നാൽ നാളിതുവരെ കഴിഞ്ഞിട്ടും എക്സൈസ് റേഞ്ച് ഓഫീസും വന്നില്ല, ലഹരി വിമുക്ത കേന്ദ്രവും വന്നില്ല.