വിഷ്ണു ശങ്കർ വധം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Tuesday 13 May 2025 2:28 AM IST

തിരുവനന്തപുരം: ഭരതന്നൂർ പാലോട്ടുകോണം വിദ്യാ സദനത്തിൽ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.വിഷ്ണു ശങ്കറിന്റെ ബന്ധുവായ കടയ്ക്കൽ ബൗണ്ടർമുക്ക് വട്ടമറ്റം സ്വദേശി സജി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.

ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്.പെയിന്റിംഗ് തൊഴിലാളികളായിരുന്ന ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്. സംഭവ ദിവസം പണി സ്ഥലത്തുവച്ച് സജി കുമാറിന്റെ മൊബൈൽ ഫോൺ, വിഷ്ണു എടുത്തുമാറ്റിവച്ചെന്ന തെറ്റിദ്ധാരണയിൽ വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം വിഷ്ണുവിന്റെ മുത്തശ്ശി കുഞ്ഞു ലക്ഷ്മി നേരിട്ട് കണ്ടിരുന്നു. ഇവരുടെ മൊഴിയാണ് കേസിൽ നിർണായകമായത്. 2014 ജൂലായ് 31നായിരുന്നു കൊലപാതകം. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വേണി ഹാജരായി.