'തോംസണ് പിഴച്ചാൽ ലില്ലി വീഴ്‌ത്തും...'

Tuesday 13 May 2025 4:16 AM IST

ന്യൂഡൽഹി: പാക് ഡ്രോൺ, മിസൈൽ ആക്രമണത്തെ നാമാവശേഷമാക്കിയ ഇന്ത്യൻ സൈന്യത്തിന്റെ സംയുക്ത നീക്കത്തെ 70കളിൽ ഇംഗ്ളണ്ടിനെ തോല്പിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ തന്ത്രങ്ങളോട് ഉപമിച്ച് സേന.

ഇന്നലെ വാർത്താസമ്മേളനത്തിൽ മിലിട്ടറി ഓപ്പറേഷൻസ് മേധാവി ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് ആണ് 1970ൽ തന്റെ സ്‌കൂൾ കാലത്ത് കേട്ട പ്രശസ്‌തമായ ക്രിക്കറ്റ് പ്രയോഗം ഉപയോഗിച്ചത്. അന്ന് ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ബാറ്റിംഗിനെ സൂപ്പർ ഫാസ്റ്റ് ബൗളർമാരായ ജെഫ് തോംസണും ഡെന്നീസ് ലില്ലിയും ചേർന്നാണ് തകർത്തെറിഞ്ഞത്.

'ചാരത്തിൽ നിന്ന് ചാരത്തിലേക്ക്, പൊടിയിൽ നിന്ന് പൊടിയിലേക്ക്. തോമയ്‌ക്ക് (തോംസൺ) പറ്റിയില്ലെങ്കിൽ ലില്ലി പിടിച്ചിരിക്കും"... ഇതായിരുന്നു 70കളിൽ ഓസ്ട്രലിയക്കാർ അഭിമാനത്തോടെ പറഞ്ഞിരുന്നത്.

മൂന്ന് സേനകളും സംയുക്തമായി നിയന്ത്രിക്കുന്ന ബഹുനിര പ്രതിരോധ ശൃംഖലയാണ് നമ്മുടേത്. പാക് ആക്രമണ രീതി മുൻകൂട്ടി അറിഞ്ഞ് മൂന്ന് സേനകളുടെയും ഏകോപനത്തോടെയുള്ള എയർ ഡിഫൻസ് സംവിധാനമാണ് ഒരുക്കിയത്. ഒരു നിരയുടെ കണ്ണുവെട്ടിച്ച് അകത്ത് കടന്നാൽ അടുത്ത നിര വീഴ്‌ത്തിയിരിക്കും. നമ്മുടെ വ്യോമ താവളങ്ങളെയും സംവിധാനങ്ങളെയും ലക്ഷ്യമിടുന്നത് ആർക്കും അത്ര എളുപ്പമല്ല.

ആകാശ് മുതൽ

പീരങ്കി വരെ

 പാകിസ്ഥാൻ അയച്ച,​ ചൈനീസ് നിർമ്മിത പി.എൽ-15 എയർ-ടു-എയർ മിസൈലും തുർക്കി നിർമ്മിത യിഹ, സോംഗർ ഡ്രോണുകളും മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ പ്രതിരോധ സംവിധാനം ചാരമാക്കി. തകർന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്‌ടങ്ങളും സേന പുറത്തുവിട്ടു

 അത്യാധുനിക ആകാശ് വ്യോമപ്രതിരോധ സംവിധാനം മുതൽ പീരങ്കികളും തോളിൽ വച്ച് വെടിയുതിർക്കുന്ന തോക്കുകളും പഴയ തലമുറ പെച്ചോറ മിസൈലും വരെ ഒരുമിച്ച് രംഗത്തിറക്കി. മികച്ച പരിശീലനം ലഭിച്ച സേനാംഗങ്ങൾ നൂറുശതമാനം കണിശതയോടെ ലക്ഷ്യസ്ഥാനങ്ങളെ തകർത്തു