അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ

Tuesday 13 May 2025 4:23 AM IST

ന്യൂഡൽഹി: സേനാ ഓപ്പറേഷൻ മേധാവിമാർ വെടിനിറുത്തൽ തുടരാൻ തീരുമാനിച്ചതിനും ഭീകരതയ്ക്കെതിരെ പ്രധാനമന്ത്രി ശക്തമായ മുന്നറിയിപ്പ് നൽകിയതിനും പിന്നാലെ അതിർത്തിയിൽ വീണ്ടും ഡ്രോൺ അയച്ച് പാകിസ്ഥാന്റെ പ്രകോപനം. ജമ്മുകാശ്‌മീർ, പഞ്ചാബ് അതിർത്തിയിലാണിത്.

ഇന്നലെ രാത്രി പത്തു മണിയോടെ ജമ്മുകാശ്‌മീരിലെ സാംബയിലാണ് ആദ്യം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പഞ്ചാബിലെ അമൃത്‌സറിലും പ്രകോപനമുണ്ടായി. ഇന്ത്യൻ സേന ഇവയെല്ലാം തകർത്തു. അതിർത്തി ഗ്രാമങ്ങളിൽ ലൈറ്റ് അണച്ച് ജാഗ്രത പാലിച്ചു. അമൃത്‌സറിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടു.

ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള പാക് പ്രകോപനം. പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പിന് ശേഷമാണി ഡ്രോൺ ആക്രമണമെന്നത് ശ്രദ്ധേയം.