വിദേശകാര്യ സെക്രട്ടറിയെ ചേർത്തുപിടിച്ച് രാജ്യം, സമൂഹ മാദ്ധ്യമങ്ങളിൽ കടുത്ത അധിക്ഷേപം
ന്യൂഡൽഹി: ഇന്ത്യ - പാക് വെടിനിറുത്തലിന് ധാരണയായെന്ന് വാർത്താസമ്മേളനം നടത്തി അറിയിച്ചതിനു പിന്നാലെ, നീചനായ രാജ്യദ്രോഹിയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപത്തിന് ഇരയായ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെ ചേർത്തുപിടിച്ച് രാജ്യം.
രാജ്യത്തിന്റെ നിർണായക സമയത്ത് സുപ്രധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനെ വ്യക്തിപരമായി ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ച് പോസ്റ്റുകളെത്തി.
സൈബർ ആക്രമണത്തെ ഐ.എ.എസ്, ഐ.പി.എസ് അസോസിയേഷനുകളും ദേശീയ വനിതാ കമ്മിഷനും ശശി തരൂർ എം.പിയും അപലപിച്ചു. പൊറുക്കാനാകാത്തതും അസഹനീയവുമാണെന്ന് അസോസിയേഷനുകൾ വ്യക്തമാക്കി. മകളുടെ മൊബൈൽ നമ്പർ ഷെയർ ചെയ്യുന്നത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്ന് ദേശീയ വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി. മഹാ അപരാധമെന്ന് തരൂർ പറഞ്ഞു.
മാന്യതയുടെ എല്ലാ അതിർവരമ്പും ലംഘിച്ചുള്ള അധിക്ഷേപമാണെന്നും, അദ്ദേഹത്തെ ട്രോളുന്നത് നാണംകെട്ട പരിപാടിയെന്നും മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോൻ റാവു പ്രതികരിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഒവൈസി വ്യക്തമാക്കി.
മകൾക്കെതിരെയും
ആക്രമണം
ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ രാജ്യത്തെ അറിയിച്ചു കൊണ്ടിരുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എക്‌സ് അക്കൗണ്ട് പൂട്ടിവച്ചിരിക്കുകയാണ്.അതിഭീകരമായ വിദ്വേഷ പ്രചാരണമാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബിറടങ്ങളിലുണ്ടായത്.
മകൾ ദിദോൻ മിസ്രിയെയും വെറുതെ വിട്ടില്ല. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്, ലിങ്ക്ഡ്ഇൻ വിവരങ്ങളും മൊബൈൽ ഫോൺ നമ്പറും പങ്കുവയ്‌ക്കപ്പെട്ടു. ലണ്ടനിൽ അഭിഭാഷകയാണ് ദിദോൻ. രോഹിൻഗ്യൻ അഭയാർത്ഥികൾക്ക് നിയമസഹായം നൽകുന്ന അഭിഭാഷകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വളഞ്ഞിട്ടു ആക്രമിച്ചത്.
ആരാണ് വിക്രം മിസ്രി ?
2024 ജൂലായിൽ വിദേശകാര്യ സെക്രട്ടറിയായി
1989 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ
കാശ്‌മീരി പണ്ഡിറ്റ്
ജനനവും സ്‌കൂൾ വിദ്യാഭ്യാസവും ശ്രീനഗറിൽ
ഡൽഹിയിലെ ഹിന്ദു കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം
ജംഷെഡ്പൂരിലെ സേവ്യർ സ്‌കൂൾ ഒഫ് മാനേജ്മെന്റിൽ നിന്ന് എം.ബി.എ
രണ്ട് കുട്ടികൾ. ഭാര്യ ഡോളി മിസ്രി