സപ്ലെെകോ ഔട്ട്‌ലെറ്റുകളിൽ,​ സബ്സിഡി ഇനങ്ങൾക്ക് കാത്തിരിപ്പ്...

Tuesday 13 May 2025 12:29 AM IST

തൃശൂർ: പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുമ്പോൾ ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലെെകോ സെന്ററുകൾ കാലി. ജില്ലയിലെ വിവിധ സപ്ലെെകോ താലൂക്കുകളുടെ കീഴിലുള്ള ഔട്ട്‌ലെറ്റുകളിൽ വേണ്ടത്ര ഭക്ഷ്യഇനങ്ങൾ ലഭിക്കുന്നില്ലെന്നാണ് വ്യാപക പരാതി. ചില ഔട്ട്‌ലെറ്റുകളിൽ സബ്സിഡിയായി ലഭിക്കുന്ന ഇനങ്ങളിൽ പകുതി പോലും സ്‌റ്റോക്ക് ഇല്ലാത്ത സാഹചര്യമാണ്. ഓർഡർ കൊടുത്തിട്ടുണ്ടെന്നും ഉടൻ എത്തുമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത് . അതേസമയം,​ തൃശൂർ താലൂക്കിലെ ഔട്ട്‌ലെറ്റുകളിൽ ഉഴുന്ന് ഒഴികെയുള്ള സാധനങ്ങൾ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 13 ഇനങ്ങൾക്കാണ് സബ്സിഡി ഉള്ളത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ, മട്ട, പച്ചരി എന്നിങ്ങനെയാണ് ഇനങ്ങൾ. ഇതിൽ മല്ലി, മുളക്, വെളിച്ചെണ്ണ എന്നിവ അരക്കിലോ വീതവും ബാക്കിയുള്ളവ ഒരു കിലോയുമാണ് ലഭിക്കുക. നാലു തരം അരികളിൽ എല്ലാം കൂടി 10 കിലോ മാത്രമാണ് ലഭിക്കുക. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള പല ഇനങ്ങൾക്കും വിപണിയിൽ വൻ വിലയാണ്. എതാനും ആഴ്ച്ചകൾക്ക് മുമ്പ് സപ്ലെെകോ സബ്‌സിഡി ഇനങ്ങളുടെ വില കുറിച്ചിരുന്നു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയുടെ വിലയാണ് കുറച്ചിരുന്നത്. കിലോയ്ക്ക് നാലു മുതൽ 10 രൂപ വരെയാണ് കുറഞ്ഞത്. കടല 65, ഉഴുന്ന് 90, വൻപയർ 75, തുവരപ്പരിപ്പ് 105, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് ജി.എസ്.ടി അടക്കം പുതിയ വില. നേരത്തേ ഇത് കടല 69, ഉഴുന്ന് 95, വൻപയർ 79, തുവരപ്പരിപ്പ് 115, മുളക് 500 ഗ്രാമിന് 68.25 എന്നിങ്ങനെയായിരുന്നു.

പരിപ്പും പയറും ലവലേശമില്ല

പല ഔട്ട്‌ലെറ്റുകളിലും പരിപ്പും പയറും ഉൾപ്പെടെ പല ഇനങ്ങളും ആഴ്ച്ചകളായി കാലിയാണ്. തുവരപ്പരിപ്പ്, വൻപയർ, ഉഴുന്ന്, ചെറുപയർ,​ പരിപ്പ്, വെളിച്ചെണ്ണ എന്നിവയെല്ലാം ഭൂരിഭാഗം സ്റ്റോറുകളിലും തീർന്നിട്ട് ആഴ്ച്ചകളായി. അരി ഇനങ്ങളിൽ കുറുവ മാത്രമാണ് കൂടുതലായി ഉള്ളത്. പഞ്ചസാര, മുളക്, മല്ലി, കടല, അരി എന്നിവയാണ് ലഭിക്കുന്നത്.

സബ്‌സിഡി ഇനങ്ങൾ

ചെറുപയർ (1കിലോ) - 90 രൂപ ഉഴുന്ന് (ഒരു കിലോ) - 90 കടല (1കിലോ) - 65 വൻപയർ (1കിലോ) - 75 തുവരപ്പരിപ്പ് (1കിലോ) - 105 മുളക് (അരക്കിലോ) - 55 മല്ലി (അരക്കിലോ) - 39 പഞ്ചസാര (1 കിലോ) - 33 വെളിച്ചെണ്ണ (അരക്കിലോ) - 75 ജയ അരി (1 കിലോ) - 33 കുറുവ - 33 മട്ട - 33 പച്ചരി - 29