വെടിനിറുത്തൽ തുടരാൻ ധാരണ

Tuesday 13 May 2025 1:12 AM IST

 അതിർത്തിയിൽ സേനയെ കുറയ്‌ക്കും

ന്യൂഡൽഹി: മേയ് പത്തിന് പ്രഖ്യാപിച്ച വെടിനിറുത്തൽ തുടരാൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഓപ്പറേഷൻസ് മേധാവിമാർ (ഡി.ജി.എം.ഒ) നടത്തിയ ചർച്ചയിൽ ധാരണ. സംഘർഷ സാദ്ധ്യത ഇല്ലാതാക്കാൻ അതിർത്തിയിൽ സേനാ ബലം കുറയ്‌ക്കും.

ഇരുപക്ഷവും വെടിയുതിർക്കുകയോ പരസ്പരം ശത്രുതാപരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്ന ധാരണ തുടരുമെന്ന് കരസേന പത്രക്കുറിപ്പിൽ അറിയിച്ചു. സംഘർഷ സമയത്ത് അധികമായി വിന്ന്യസിച്ച സൈനികരെ അതിർത്തികളിൽ നിന്നും സമീപം പ്രദേശങ്ങളിൽ നിന്നും അടിയന്തരമായി പിൻവലിക്കും.

ഇന്നലെ ഉച്ചയ്‌ക്ക് 12മണിക്ക് തീരുമാനിച്ച യോഗം പിന്നീട് വൈകിട്ട് അഞ്ചിലേക്ക് മാറ്റിയിരുന്നു. യോഗം മാറ്റിയത് അഭ്യൂഹങ്ങൾ പരത്തിയെങ്കിലും പിന്നീട് സമയം പ്രഖ്യാപിച്ചതോടെ അതു നീങ്ങി.