ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അമ്മയും മകളും ഉൾപ്പെടെ 3 പേർക്ക് പരിക്ക്

Tuesday 13 May 2025 1:16 AM IST

കോട്ടയം: എം.സി റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൃദ്ധയ്‌ക്കും കൂടെയുണ്ടായിരുന്ന മകൾക്കും ഗുരുതരമായി പരിക്കേറ്റു. തിരുവല്ല കവിയൂർ സ്വദേശി പെണ്ണമ്മയ്‌ക്കും (76),​ മകൾ സുവർണ്ണയ്‌ക്കുമാണ് സാരമായി പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ മണിക്കുട്ടനും പരിക്കുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ മണിപ്പുഴയിലാണ് അപകടം. തിരുവല്ലയിൽ നിന്നും ഓട്ടോയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്ക് വന്നതിനുശേഷം തിരികെ പോകവെയാണ് അപകടം. പെണ്ണമ്മയുടെ തലയ്‌ക്കും സുവർണ്ണയ്ക്ക് കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.

ഇവരെ ജില്ലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കോട്ടയം - മണിപ്പുഴ റോഡിൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി.