ഇന്ത്യ ഇസ്രോയ്ക്കൊപ്പം
പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്തിയില്ലെങ്കിലും ഇന്ത്യയുടെ രണ്ടാം ചന്ദ്രയാൻ ദൗത്യം രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് അഭിമാനകരമായ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്.ചന്ദ്രോപരിതലത്തിന് തൊട്ടരികിൽ വച്ച് ലാൻഡറുമായിട്ടുള്ള ആശയ വിനിമയം നഷ്ടപ്പെട്ടത് ശാസ്ത്രലോകത്തെ മാത്രമല്ല, ഇന്ത്യൻ ജനതയെയും നിരാശയിലാഴ്ത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതുപോലെ അതിനെ ഒരിക്കലും ഒരു തിരിച്ചടിയായോ പരാജയമായോ വിശേഷിപ്പിക്കാനാവില്ല.
ചന്ദ്രയാൻ രണ്ട് അതിന്റെ ദൗത്യത്തിന്റെ 90 ശതമാനത്തിലേറെ വിജയകരമായിട്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്.ചന്ദ്രനിൽ നിന്നുള്ള വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പ്രാപ്തമായ ഓർബിറ്റർ ഒരു വർഷത്തിലധികം കാലം ചാന്ദ്ര ഭ്രമണപഥത്തിൽ തുടരുമെന്നതുതന്നെ സുപ്രധാന നേട്ടമായിക്കാണാം. ലാൻഡർ ചന്ദ്രോപരിതലത്തെ തൊട്ടിരുന്നെങ്കിൽ അതിൽനിന്ന് പുറത്തിറങ്ങി രണ്ടാഴ്ചക്കാലം നിരീക്ഷണങ്ങളിൽ ഏർപ്പെടുമെന്ന് കരുതിയ റോവർ മാത്രമാണ് ആ ലക്ഷ്യം പൂർത്തിയാക്കാതെ പോയത്. എന്നാൽ അതിൽനിന്ന് നമുക്കു ലഭിച്ച വിലപ്പെട്ട അനുഭവങ്ങൾ ബഹിരാകാശ ഗവേഷണത്തെ സംബന്ധിച്ചിടത്തോളം വലിയൊരു പാഠമാകുമെന്നു മാത്രമല്ല അടുത്ത വിജയത്തിലേക്കുള്ള മുതൽക്കൂട്ടായി മാറുകയും ചെയ്യും. ഈ നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ മുഴുവൻ പിന്തുണയും ഐ.എസ്.ആർ.ഓ(ഇസ്രോ)യ്ക്കൊപ്പമുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ശാസ്ത്രജ്ഞരടക്കമുള്ള ഇസ്രോയിലെ മുഴുവൻ പ്രവർത്തകരും വിശ്രമമില്ലാതെ അഹോരാത്രംനടത്തിയ മഹത്തായ പരിശ്രമങ്ങൾക്ക് നാടിന്റെ മുഴുവൻ അഭിനന്ദനങ്ങളും അവർക്കൊപ്പമുണ്ട്.
ശനിയാഴ്ച പുലർച്ചെ ചന്ദ്രയാൻ രണ്ടിലെ ലാൻഡർചന്ദ്രോപരിതലത്തിലിറങ്ങുന്ന കാഴ്ചകാണാൻ രാജ്യം മുഴുവൻ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. പൊതുവെ ക്രിക്കറ്റോ ഫുട്ബോളോ തുടങ്ങിയ ലോക മത്സരങ്ങൾ കാണാൻ യുവതലമുറയോ, ചിലപ്പോൾ പ്രായഭേദമന്യെ കടുത്ത കളിയാരാധകരോ ഇങ്ങനെ കാത്തിരിക്കാറുണ്ട്.എന്നാൽ ഒരു ശാസ്ത്ര സാങ്കേതികപരീക്ഷണത്തിന്റെ വിജയംകാണാൻ ഇമ്മാതിരിയൊരു കാത്തിരിപ്പുണ്ടായതുതന്നെ നിലാവിനെത്തൊടുകയെന്നുള്ള നമ്മുടെയെല്ലാം വലിയൊരു സ്വപ്നത്തിന്റെ ലക്ഷ്യപ്രാപ്തി കാണാനുള്ള മോഹംകൊണ്ടുകൂടിയായിരുന്നു. ഇസ്രോയുടെ പ്രവർത്തനങ്ങളിൽ രാജ്യം അർപ്പിച്ചിട്ടുള്ള വലിയ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പ്രതീകമായിട്ടും അതിനെ വിലയിരുത്താം.
വെറും 2.1 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് വിക്രം ലാൻഡറുമായുള്ള ബന്ധം ഇസ്രോയുടെ ട്രാക്കിംഗ് സ്റ്റേഷന് നഷ്ടപ്പെട്ടത്.ദൗർഭാഗ്യം എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ഒരു പോരായ്മയാണ് അവിടെ സംഭവിച്ചത്.അതേസമയം ചന്ദ്രോപരിതലത്തിനു തൊട്ടടുത്തെത്തുന്നതുവരെയുള്ള ലാൻഡറിന്റെ മുന്നേറ്റം എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുകയും ചെയ്തിരുന്നു.ജൂലായ് 22 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്ന ശേഷമുള്ള ഓരോ പടവുകളും വിജയകരമായി പിന്നിട്ട ചന്ദ്രയാൻ രണ്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും സങ്കീർണമായ ദൗത്യമായിരുന്നു.ചന്ദ്രയാൻ ഒന്നിന്റെ വിജയത്തിനുശേഷം പതിനൊന്നാം വർഷത്തിലാണ് രണ്ടാം ചന്ദ്രയാന്റെ വിക്ഷേപണം നടന്നത്.തികച്ചും തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചുള്ള രണ്ടാം ചന്ദ്രയാന്റെ കുതിച്ചുകയറ്റം ഇന്ത്യൻ ബഹിരാകാശ ഗവേഷകരുടെ ആത്മവിശ്വാസം വലിയതോതിലാണ് വർദ്ധിപ്പിച്ചത്. 978 കോടി രൂപയാണ് ഈ ശാസ്ത്ര ദൗത്യത്തിനായി ഇന്ത്യ ചെലവഴിച്ചത്.ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇതിലും കൂടുതൽ പണം ചെലവാകാറുണ്ടെന്ന കാര്യം ചിന്തിക്കുമ്പോൾ നമ്മുടെ ശാസ്ത്രജ്ഞൻമാർ ഗവേഷണ രംഗത്ത് കാഴ്ചവച്ച പാടവം എത്ര മികവുറ്റതാണെന്ന് പറയാതിരിക്കാനാവില്ല.
അർദ്ധരാത്രിയും തികഞ്ഞ ഒൗത്സുക്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നേരിട്ട് എത്തിയത് . പ്രധാനമന്ത്രി സന്ദർഭോചിതമായി അവിടെ നടത്തിയ പെരുമാറ്റം അപ്രതീക്ഷിതമായുണ്ടായ പാളിച്ചയിൽ തകർന്നുപോകുമായിരുന്ന ഇസ്രോ ശാസ്ത്രസമൂഹത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ ആത്മവീര്യത്തെ വീണ്ടെടുക്കുന്നതും സംരക്ഷിക്കുന്നതുമായിരുന്നു. ശനിയാഴ്ച രാത്രിയിൽ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചു മടങ്ങിയ പ്രധാനമന്ത്രി ഇന്നലെ രാവിലെ വീണ്ടും ഇസ്രോ കേന്ദ്രത്തിലെത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ഓരോ ശാസ്ത്രജ്ഞനെയും നേരിൽക്കണ്ട് കൈപിടിച്ച് അഭിനന്ദിക്കുകയും ചെയ്തു.പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രോത്സാഹനം നിറഞ്ഞതായിരുന്നു. ഇന്ത്യ ഇസ്രോയ്ക്കൊപ്പമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച നരേന്ദ്രമോദി ശാസ്ത്രരംഗത്ത് പുതിയ പ്രഭാതവും പ്രകാശപൂർണമായ നാളുകളുമാണ് നമ്മേ കാത്തിരിക്കുന്നതെന്ന് തുറന്നു പറഞ്ഞു.തിരിച്ചു മടങ്ങുന്നവേളയിൽ വിതുമ്പിപ്പോയ ഇസ്രോ ചെയർമാൻ ഡോ.കെ.ശിവനെ ഒരച്ഛൻ മകനെയെന്നപോലെ നെഞ്ചോട് ചേർത്ത് തലോടിയ പ്രധാനമന്ത്രിയുടെ പെരുമാറ്റം ഇന്ത്യ ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല. ഒരു രാഷ്ട്രത്തിന്റെ നാഥൻ എങ്ങനെയാണോ ഇത്തരം അവസരങ്ങളിൽ പെരുമാറേണ്ടതെന്നതിന്റെ ഉദാത്ത മാതൃകയാണ് മോദി അവിടെ പ്രകടമാക്കിയത്.
നാളിതു വരെയുള്ള ലോകത്തെ മുഴുവൻ ബഹിരാകാശ ഗവേഷണങ്ങളെ നിരീക്ഷിച്ചാൽ ഓരോ വിജയങ്ങൾക്കു പിന്നിലും വൻ പരാജയങ്ങളുടെ നീണ്ട പരമ്പരതന്നെയുള്ളതായിക്കാണാം.ചന്ദ്രനിൽ ഇതിനോടകം സോഫ് റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ള അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമെല്ലാം വിജയത്തോടൊപ്പം പരാജയത്തിന്റ കയ്പു്നീരു കുടിച്ച നിരവധി അനുഭവങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്.അങ്ങനെ നോക്കിയാൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൽ താരതമ്യേന പരാജയങ്ങൾ കുറവാണെന്നുകാണാം.അതുകൊണ്ടുതന്നെ വലിയവിജയങ്ങളുമായി ഇസ്രോ തിരിച്ചുവരുമെന്നും നിലാവിനെ ഉറപ്പായും നമ്മൾ തൊടുമെന്നും നിസ്സംശയം പറയാനാകും.
1952 ൽ തിരുവനന്തപുരത്ത് തുമ്പയിൽ ആരംഭിച്ച തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് ഇന്ത്യയുടെ ബഹിരാകാശ ഗവേക്ഷണ ദൗത്യം എത്രമാത്രം വളർന്നുവെന്ന് തിരിഞ്ഞു നോക്കിയാൽ മാത്രം മതി നേട്ടങ്ങളുടെ പൊൻ പട്ടിക സമ്മാനിച്ച ആ ചരിത്രം മനസിലാക്കാൻ.