ഇറക്കുമതി തീരുവ കുറച്ച് യു.എസും ചൈനയും

Tuesday 13 May 2025 7:15 AM IST

വാഷിംഗ്ടൺ: ഇറക്കുമതികൾക്ക് പരസ്‌പരം ചുമത്തിയ പകരച്ചുങ്കം താത്കാലികമായി കുറയ്ക്കാൻ ധാരണയിലെത്തി ചൈനയും യു.എസും. ഇരുരാജ്യങ്ങളും ഏർപ്പെടുത്തിയ തീരുവയിൽ നിന്ന് 115 ശതമാനം വീതം കുറയ്ക്കാനാണ് ധാരണ. ഇതോടെ ചൈനീസ് ഇറക്കുമതികൾക്ക് യു.എസ് ഏർപ്പെടുത്തിയ പകരച്ചുങ്കം 30 ശതമാനമായി താഴും.

അതേസമയം,യു.എസ് ഇറക്കുമതികൾക്ക് ചൈന ചുമത്തിയ തീരുവ 10 ശതമാനത്തിലേക്കും താഴും. നാളെ മുതൽ 90 ദിവസത്തേക്കാണ് ഇളവുകൾ പ്രാബല്യത്തിലുണ്ടാവുക. ഏപ്രിലിൽ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര യുദ്ധം കൊടുമുടിയിൽ എത്തിയതോടെ ചൈനീസ് ഇറക്കുമതികൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ സർവകാല റെക്കാഡായ 145 ശതമാനത്തിൽ എത്തുകയായിരുന്നു.

തിരിച്ചടിയായി യു.എസിന് മേൽ 125 ശതമാനം തീരുവ ചൈനയും ചുമത്തി. തീരുവ കുറയ്ക്കാനുള്ള വ്യാപാര കരാറിലെത്താൻ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കഴിഞ്ഞ ഒരാഴ്‌ചയായി സ്വി​‌റ്റ്‌‌സർ‌ല‌ൻഡിലെ ജനീവയിൽ ചർച്ച നടത്തുകയായിരുന്നു. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ചൈനീസ് ഉപപ്രധാനമന്ത്റി ഹെ ലിഫെംഗും ചർച്ചകളിൽ പങ്കെടുത്തിരുന്നു.

വ്യാപാര ബന്ധത്തിന്റെ ഭാവി സംബന്ധിച്ച് ചർച്ചകൾ തുടരുമെന്ന് ഇരുരാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. യു.എസ്-ചൈന വ്യാപാര യുദ്ധത്തിൽ അയവുണ്ടായതോടെ ഇന്നലെ ആഗോള ഓഹരികളിൽ മുന്നേറ്റമുണ്ടായി.