മാദ്ധ്യമ പ്രവർത്തകരോട് മാർപാപ്പ: സത്യം പുറത്തുകൊണ്ടു വരാൻ ശ്രദ്ധവേണം

Tuesday 13 May 2025 7:15 AM IST

വത്തിക്കാൻ സിറ്റി: പക്ഷപാതപരമായ സംവാദങ്ങളിൽ ഏർപ്പെടുന്നതിനുപകരം സത്യം പുറത്തുകൊണ്ടു വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാദ്ധ്യമങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാനിൽ മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലി ചെയ്‌തതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട റിപ്പോർട്ടർമാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ' തടവറയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകരുടെ കഷ്ടപ്പാടുകൾ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും മനസ്സാക്ഷിയ്ക്ക് വെല്ലുവിളിയാണ്. അഭിപ്രായ സ്വാതന്ത്റ്യത്തെയും മാദ്ധ്യമങ്ങളെയും സംരക്ഷിക്കേണ്ട നമ്മുടെ കടമയെ ആണ് ഇത് ഓർമ്മിപ്പിക്കുന്നത് " അദ്ദേഹം പറഞ്ഞു.

നിർമ്മിത ബുദ്ധിയുടെ ഉപയോഗം ഉത്തരവാദിത്തത്തോടെ ആയിരിക്കണമെന്നും പറഞ്ഞു. നിർമ്മിത ബുദ്ധി എല്ലാവരുടെയും നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും മനുഷ്യരാശിക്ക് തന്നെ അത് പ്രയോജനകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ​ഫ്രാ​ൻ​സി​സ് ​മാ​ർ​പാ​പ്പ​യു​ടെ​ ​പി​ൻ​ഗാ​മി​യാ​യി​ ​ലി​യോ​ ​പ​തി​നാ​ലാ​മ​ൻ​ തിരഞ്ഞെടുക്കപ്പെട്ടത്. 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാണ് ലിയോ പതിനാലാമൻ മാ‌ർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം.