ബന്ദിയെ മോചിപ്പിച്ച് ഹമാസ്
ടെൽ അവീവ് : ഇസ്രയേലി-അമേരിക്കൻ ഇരട്ട പൗരത്വമുള്ള ബന്ദിയെ മോചിപ്പിച്ച് ഗാസയിലെ ഹമാസ്. ഇസ്രയേൽ സൈനികനും യു.എസിലെ ന്യൂജേഴ്സി സ്വദേശിയുമായ ഈഡൻ അലക്സാണ്ടറിനെയാണ് (21) മോചിപ്പിച്ചത്. ഹമാസ് അംഗങ്ങൾ റെഡ് ക്രോസ് വഴിയാണ് ഈഡനെ ഇസ്രയേൽ സൈന്യത്തിന് കൈമാറിയത്. ഈഡനെ ടെൽ അവീവിലെ ആശുപത്രിയിലേക്ക് മാറ്റി. യു.എസ് നടത്തിയ ഇടപെടലുകളുടെ ഫലമായാണ് മോചനം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് സൗദി അറേബ്യയിലെത്തും. ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് മുന്നോടിയായിട്ടാണ് മോചനമെന്ന് ഹമാസ് പ്രതികരിച്ചു. ഈഡന്റെ മോചനത്തിലൂടെ ഗാസയിൽ മാനുഷിക സഹായമെത്തിക്കാനും വെടിനിറുത്തലിനുമുള്ള കരാറിന് വഴിതെളിയുമെന്നാണ് ഹമാസിന്റെ പ്രതീക്ഷ. ജനുവരി 19ന് ഗാസയിൽ നിലവിൽ വന്ന ഒന്നാം ഘട്ട വെടിനിറുത്തലിന്റെ കാലാവധി മാർച്ച് 1ന് അവസാനിച്ചിരുന്നു. ഗാസയിൽ നിന്നുള്ള ഇസ്രയേലിന്റെ പൂർണ പിന്മാറ്റം അടങ്ങുന്നതാണ് രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തിന് പകരം ഒന്നാം ഘട്ടം നീട്ടി കൂടുതൽ ബന്ദികളെ മോചിപ്പിക്കണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് നിരസിച്ചിരുന്നു. ഇതോടെ ഗാസയിലേക്കുള്ള ഭക്ഷണവും മരുന്നുമടക്കമുള്ള സഹായ വിതരണം ഇസ്രയേൽ തടയുകയായിരുന്നു. ഇതുവരെ 52,860ലേറെ പാലസ്തീനികളാണ് ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിനിടെയാണ് ഈഡൻ അടക്കം 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിൽ എത്തിച്ചത്. ഇനി 59 ബന്ദികളാണ് ഗാസയിലുള്ളത്. ഇവരിൽ 24 പേർ മാത്രമേ ജീവനോടെയുള്ളൂ എന്ന് കരുതുന്നു.