വെടിനിറുത്തലിൽ ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു; വ്യക്തത വേണമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥത സംബന്ധിച്ച അവകാശവാദങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കോൺഗ്രസ്. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷം ഈ ആവശ്യവുമായി മുന്നോട്ടുവന്നത്.
പാകിസ്ഥാനുമായി ഇന്ത്യ നേരിട്ട് ചർച്ച നടത്തിയിട്ടുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു. ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി പൂർണ്ണമായും മൗനം പാലിച്ചു. ഇന്ത്യ, യുഎസ് മദ്ധ്യസ്ഥതയ്ക്ക് സമ്മതിച്ചോ? ഓട്ടോ, കൃഷി, മറ്റ് മേഖലകളിൽ ഇന്ത്യൻ വിപണികൾ തുറക്കണമെന്ന യുഎസ് ആവശ്യത്തിന് ഇന്ത്യ ഇപ്പോൾ വഴങ്ങുമോയെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. പ്രധാനമന്ത്രി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുമായി ഉടൻ ഒരു കൂടിക്കാഴ്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര സർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 'പാകിസ്ഥാനുമായി ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ ചട്ടക്കൂടും നിബന്ധനകളും എന്തൊക്കെയാണ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി പാകിസ്ഥാനുമായി ചർച്ചകൾ നടത്താൻ ഇന്ത്യ സമ്മതിച്ച വ്യവസ്ഥകൾ എന്തൊക്കെയാണ്'- എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല എക്സിലൂടെ ചോദിച്ചു.
വെടിനിറുത്തലിന് തയ്യാറായ ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് രംഗത്തെത്തിയിരുന്നു. വെടിനിറുത്തൽ ധാരണയിലെത്താൻ യുഎസ് മദ്ധ്യസ്ഥ വഹിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യാപാരം "ഗണ്യമായി" വർദ്ധിപ്പിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.