ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാന്റെ ആക്രമണത്തിന് ശേഷം കാശ്‌മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു. സുഖ് വീന്ദർ കൗർ ആണ് മരിച്ചത്. ഫിറോസ്‌പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സ്‌ത്രീക്ക് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ലുധിയാനയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത ഭാഷയിൽ താക്കീത് നൽകിയതിന് പിന്നാലെ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടതായി വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ സൈന്യം ഇന്ന് വിശദീകരണം നൽകിയിരുന്നു. ഇന്ത്യയുടെ മണ്ണിൽ ആക്രമണം നടത്തിയിട്ടില്ലെന്നും ചെറിയ തോതിൽ ഡ്രോൺ സാന്നിദ്ധ്യം മാത്രമേ ഉണ്ടായിട്ടുള്ളു എന്നും സൈന്യം അറിയിച്ചു. അതിനിടെ പാക് അതിർത്തികളിലെ വിമാനത്താവളങ്ങളിലെ ഇന്നത്തെ സർവീസ് എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ഇന്ത്യ - പാക് അതിർത്തിയിൽ പത്തിടങ്ങളിൽ ഡ്രോൺ പറന്നെത്തിയെന്നാണ് വിവരം.
പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്‌തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്‌ചവരുടെ ആസ്ഥാനം ഇന്ത്യൻ സേന മായ്‌ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെ ഓപ്പറേഷൻ സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോദി പ്രഖ്യാപിച്ചു.