സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 88.39 ശതമാനം വിജയം

Tuesday 13 May 2025 12:04 PM IST

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. 88.39 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം വിജയവാഡ (99.60) മേഖലയിലാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരം (99.32) മേഖലയ്‌ക്കാണ്. 12 മണിയോടെ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കും. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

17,04,367 വിദ്യാർത്ഥികളാണ് പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്‌തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. അതിൽ 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. 2025 ഫെബ്രുവരി 15നും ഏപ്രിൽ നാലിനും ഇടയിലായിരുന്നു പരീക്ഷകൾ നടന്നത്. 87.98 ശതമാനമായിരുന്നു 2024ലെ സിബിഎസ്‌ഇ പ്ലസ് ടു വിജയശതമാനം. അന്ന് 16,21,224 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 14,26,420 പേർ വിജയിക്കുകയും ചെയ്‌തു. മുൻ വർഷത്തെ അപേക്ഷിച്ച് ചെറിയൊരു വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്.

cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫലം പരിശോധിക്കാവുന്നതാണ്. ഫലങ്ങൾ ഡിജി ലോക്കറിലും ഉമാംഗ് ആപ്പിലും ലഭ്യമാണ്.