രാത്രി ഫോണിൽ വിളിച്ച് അയാൾ പറഞ്ഞത്; ആറാട്ടണ്ണനെക്കുറിച്ച് നടി മായ വിശ്വനാഥ്

Tuesday 13 May 2025 2:40 PM IST

നടിമാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. സന്തോഷ് വർക്കിയിൽ നിന്ന് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി മായ വിശ്വനാഥ്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മായ വിശ്വനാഥ് രംഗത്തെത്തിയത്. രാത്രി കോൾ വന്നു. 'ട്രൂ കോളറിൽ സന്തോഷ് വർക്കിയെന്ന് കണ്ടു. എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്ന് ഉറപ്പുള്ളതിനാൽ ആരുടെ കോളും എടുക്കും. ആരാണെന്ന് ചോദിച്ചപ്പോൾ ആറാട്ടണ്ണനാണെന്ന് പറഞ്ഞു. എനിക്ക് മനസിലായില്ല. മോഹൻലാലിന്റെ ആറാട്ട് സിനിമയിൽ അഭിനയിച്ച ആരെങ്കിലുമാണോയെന്ന് ചോദിച്ചപ്പോൾ അല്ല, എല്ലാവരും എന്നെ അങ്ങനെയാണ് വിളിക്കുന്നതെന്ന് പറഞ്ഞു. അച്ഛനും അമ്മയും ഇട്ട പേര് എന്താണെന്ന്‌ ചോദിച്ചപ്പോൾ സന്തോഷ് വർക്കിയെന്നാണെന്ന് പറഞ്ഞു.

എന്താ വിളിച്ചതെന്ന് ചോദിച്ചപ്പോൾ പരിചയപ്പെടാനാണെന്ന് പറഞ്ഞു. മാഡം വനിതാ തീയേറ്ററിന്റെ മുന്നിലുണ്ടോയെന്ന് ചോദിച്ചു. തീയേറ്ററിന് മുന്നിൽ നിൽക്കൽ എന്റെ ജോലിയല്ലെന്ന് പറഞ്ഞു. മാഡത്തെ കണ്ടാൽ ദേവതയെപ്പോലെയുണ്ടെന്ന് അയാൾ പറഞ്ഞു. തനിക്ക് ദേവതയെക്കണ്ട് പരിചയമുണ്ടോയെന്ന് ചോദിച്ചു.

ഇതിനുശേഷം സോഷ്യൽ മീഡിയയിൽ സജീവമായ ചിലരെ വിളിച്ച് ഇയാളെപ്പറ്റി ചോദിച്ചു. മായ ചേച്ചി ഫോൺ എടുക്കല്ലേ, തലവേദനയാണെന്നാണ് അവർ പറഞ്ഞത്. അപ്പോഴാണ് നിത്യാ മേനോനെയും മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയേയും കല്യാണം കഴിക്കണമെന്ന് പറഞ്ഞ് നടക്കുന്നയാളാണെന്ന് മനസിലായത്.'- മായ പറഞ്ഞു.