വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു; യുവാവിനെ വിവാഹവേദിയിലെത്തി തല്ലി യുവതി, വീഡിയോ

Tuesday 13 May 2025 4:34 PM IST

വിവാഹ വാഗ്ദാനം നൽകി ചതിച്ചവർക്കെതിരെ കേസുകൊടുക്കുന്ന വാർത്ത നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ, ചതിച്ചയാളെ വിവാഹവേദിയിൽ കയറി തല്ലുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒഡീഷയിലാണ് സംഭവം.

വിവാഹവേദിയിലേക്ക് ഒരു സ്‌ത്രീ പൊലീസുമായി എത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. വിവാഹ വാഗ്ദാനം നൽകി വരനായ യുവാവ് വഞ്ചിച്ചുവെന്ന് ഇവർ പറയുന്നുണ്ട്. ഞായറാഴ്‌ച രാത്രി ഭുവനേശ്വറിലെ ധൗളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കല്യാണ മണ്ഡപത്തിലാണ് സംഘർഷമുണ്ടായത്.

വരനുമായി പരാതി നൽകിയ യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാൽ, ഇവരുടെ അറിവില്ലാതെ ഇയാൾ മറ്റൊരു വിവാഹം കഴിച്ചു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയ ശേഷം ഇവർ ഉദ്യോഗസ്ഥരുമായി വിവാഹവേദിയിലെത്തിയത്.

വരൻ തന്നെ മാനസികമായി ചൂഷണം ചെയ്‌തുവെന്നും വഞ്ചിച്ചുവെന്നും യുവതി ഉറക്കെ വിളിച്ചുപറഞ്ഞു. അയാൾ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും അവർ ആരോപിച്ചു. വരനെ വിവാഹവേദിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആളുകൾ തടയാൻ ശ്രമിക്കുന്നതിനിടെ യുവതി വരനെ അടിക്കുന്നതും വീഡിയോയിൽ കാണാം.

വിഷയത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. വിശ്വാസ ലംഘനം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.വീഡിയോ