"കുറേ വർഷങ്ങൾക്ക് മുമ്പ് എന്നെ അടിച്ചിടാൻ വേണ്ടി കൂടെ നിന്ന ആളുകളല്ലേ നിങ്ങളൊക്കെ; എനിക്കൊരപേക്ഷയുണ്ട്"
ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി അടുത്തിടെയാണ് തീയേറ്ററിലെത്തിയത്. സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'വലിയ സന്തോഷത്തോടെയാണ് വേദിയിൽ നിൽക്കുന്നത്. സർവ ശക്തനായ ദൈവത്തോടും, എന്റെ സിനിമ കണ്ട പ്രേക്ഷകരോടും നന്ദി പറയുന്നു.'- എന്ന് പറഞ്ഞാണ് ദിലീപ് സംസാരിച്ചുതുടങ്ങിയത്. 'ഈ സിനിമ റിലീസാകുന്ന നിമിഷം വരെ വലിയ പരസ്യങ്ങളൊന്നും നൽകിയിരുന്നില്ല. ഈ സിനിമയ്ക്ക് ഏറ്റവും കൂടുതൽ പരസ്യം നൽകിയത് ഇവിടത്തെ മലയാളി പ്രേക്ഷകരാണ്. കാരണം മൗത്ത് പബ്ലിസിറ്റിയെന്ന് പറയുന്നത് ഏറ്റവും വലുതാണ്.'- ദിലീപ് പറഞ്ഞു. 'ഈ സിനിമയെ വലിയ വിജയത്തിലെത്തിക്കാൻ വേണ്ടി നിങ്ങളെല്ലാവരും തരുന്ന സ്‌നേഹത്തിന് വലിയ നന്ദിയുണ്ട്. എനിക്ക് ഒരപേക്ഷയുണ്ട്. എങ്ങനെ വേണമെങ്കിലും എടുക്കാം. കുറേ വർഷങ്ങൾക്ക് മുമ്പ് എന്നെ അടിച്ചിടാൻ വേണ്ടി കൂടെ നിന്ന ആളുകളല്ലേ നിങ്ങളൊക്കെ. എഴുന്നേറ്റ് നിൽക്കാൻ നോക്കുന്ന സമയത്ത് നിങ്ങൾക്ക് എന്റെ കൂടെ നിന്നുകൂടെ. വളരെ സന്തോഷമുണ്ട്. എല്ലാവരുടെയും അനുഗ്രഹങ്ങളും സഹായങ്ങളും പ്രാർത്ഥനകളും പ്രതീക്ഷിച്ചുകൊണ്ട് നന്ദി. ഒരുപാടൊരുപാട് നന്ദി.'- ദിലീപ് പറഞ്ഞു.
നവാഗതനായ ബിന്റോ സ്റ്റീഫൻ ആണ് പ്രിൻസ് ആന്റ് ഫാമിലിയുടെ സംവിധായകൻ. ദിലീപിന്റെ 150-ാമത് ചിത്രമാണിത്. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജുപിള്ള, ജോണി ആന്റണി, അശ്വിൻ ജോസ്, പാർവതി രാജൻ ശങ്കരാടി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രചന ഷാരിസ് മുഹമ്മദ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം.