'മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല'; അമേരിക്കയുടെ മദ്ധ്യസ്ഥ ചർച്ചയല്ല  വെടിനിർത്തലിന് കാരണമെന്ന് കേന്ദ്രം

Tuesday 13 May 2025 6:06 PM IST

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. കാശ്മീരിലെ ഏക വിഷയം പാക് അധീന കാശ്മീർ ഇന്ത്യയ്ക്ക് കെെമാറുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

'കാശ്മീരിലെ ഏക വിഷയം പാക് അധീന കാശ്മീർ ഇന്ത്യയ്ക്ക് കെെമാറുകയെന്നതാണ്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. ആരും മദ്ധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് പാകിസ്ഥാൻ സെെനിക നീക്കം നിർത്തിയത്.

ഇരുരാജ്യങ്ങളിലെയും സെെനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ആരാണ് പഹൽഗാം ഭീകരാക്രമണം നടത്തിയ സംഘടനയെ നിയന്ത്രിച്ചതെന്നതിന് തെളിവുണ്ട്. സംഘർഷം തീർക്കാനുള്ള താൽപര്യം ആദ്യം അറിയിച്ചത് പാകിസ്ഥാനാണ്. അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ നടത്തിയ മദ്ധ്യസ്ഥ ചർച്ചയല്ല വെടിനിർത്തലിന് കാരണം. സെെനിക തലത്തിൽ നടത്തിയ ചർച്ച മാത്രമാണ് അതിലേക്ക് നയിച്ചത്',- കേന്ദ്ര വിദേശകാര്യ വക്താവ് വ്യക്തമാക്കി.