ഡോക്ടർ - സ്വകാര്യ സർജിക്കൽ സ്ഥാപനം.... അവിശുദ്ധ കൂട്ടുകെട്ട്,   രോഗികളെ പിഴിയുന്നു

Wednesday 14 May 2025 12:10 AM IST
മെഡിക്കൽ ആശുപത്രിയിലെ സർജന്മാരായ ഡോക്ടർമാർക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആശുപത്രി കോമ്പൗണ്ടിൽ പോസ്റ്റർ പതിച്ചിരിക്കുന്നു.

കോട്ടയം : ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ കൊടുത്ത് ശസ്ത്രക്രിയ സാദ്ധ്യമില്ല. പാവങ്ങളുടെ ആശുപത്രിയായ മെഡിക്കൽ കോളേജാണ് ഞങ്ങൾക്ക് ശരണം. പക്ഷേ, എന്ത് ചെയ്യാൻ. ഡോക്ടർമാരിലും ആർത്തിയുള്ളവരുണ്ടെന്ന് മനസിലായി. ഭർത്താവിന്റെ ചികിത്സയ്ക്കായി എത്തിയ ചേർത്തല സ്വദേശിനിയുടെ ഈ വാക്കുകൾ ഇനിയെങ്കിലും അധികൃതരുടെ ചെവിയിൽ പതിയണം. ഇത് ഒരാളുടെ കഥയല്ല. സർജറി വിഭാഗം ഡോക്ടർമാർ സ്വകാര്യ സർജിക്കൽ സ്ഥാപനങ്ങളുമായി ചേർന്ന് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളെയാണ് ഇവർ പിഴിയുന്നത്. സർജിക്കൽ ഉപകരണങ്ങൾ ഇവർ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണം. പുറത്തേയ്ക്ക് കുറിച്ചുകൊടുക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ.

പോക്കറ്റിൽ ലക്ഷങ്ങൾ നിറയും സർജന്മാർക്കെതിരെയും സർജിക്കൽ സ്ഥാപനത്തിനെതിരെയും വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് ബി.ജെ. പി ആർപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി ആശുപത്രി കോമ്പൗണ്ടിലും പുറത്തും പോസ്റ്ററും പതിച്ചു. സ്വകാര്യ സർജിക്കൽ സ്ഥാപനം ഡോക്ടർമാർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുക്കുന്നതായാണ് ആരോപണം. സർജന്മാരായ രണ്ട് പേരും എടുത്ത് പറഞ്ഞിട്ടുണ്ട്.

കരിമീനും വേണം

മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർ മാതാപിതാക്കളിൽ നിന്ന് കരിമീൻ വാങ്ങി ആശുപത്രിയിലെ ജീവൻ രക്ഷാ മരുന്നുകൾ വയ്ക്കുന്ന ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.