ആധുനിക നിലവാരത്തിൽ ടോൾ  ചെമ്മനാകരി റോഡ്

Wednesday 14 May 2025 12:43 AM IST

വൈക്കം : മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ ടോൾ ചെമ്മനാകരി റോഡിലൂടെ ഇനി സുഖയാത്ര. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് നവീകരണം പൂർത്തിയായി. അഞ്ചുകോടി രൂപ ചെലവഴിച്ചായിരുന്നു നവീകരണം. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ തീരദേശവാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്ക് പോകുന്നവർക്കടക്കം ഇതിന്റെ പ്രയോജനം ലഭിക്കും. 3.75 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഉപരിതലം അഞ്ചു മീറ്റർ വീതിയിൽ ടാർ ചെയ്തു. കൂടാതെ ഇരുവശവും ആവശ്യമായ ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. റോഡ് സംരക്ഷണത്തിനായി ഡി.ആർ. വാളും നിർമ്മിച്ചു.

സുരക്ഷ ഉറപ്പുവരുത്തി

ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പിന്റെ ഭാഗമായ വാൽവ് ചേമ്പർ വരുന്ന ഭാഗങ്ങളിലും പഴയ പൈപ്പ് ലൈനുകൾ വരുന്ന ആദ്യത്തെ 400 മീറ്റർ ഭാഗത്തും ഇന്റർ ലോക്കിംഗ് ടൈലുകളാണ് വിരിച്ചിട്ടുള്ളത്. സൈൻബോർഡ്, ലൈൻമാർക്കിംഗ്, റോഡ് സ്റ്റഡുകൾ, ഗാർഡ് പോസ്റ്റുകൾ,ഡീലിനേറ്റർ പോസ്റ്റുകൾ, ക്രാഷ് ബാരിയർ തുടങ്ങിയ റോഡ് സുരക്ഷാ മാർഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ആധുനിക നിലവാരത്തിൽ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് സി.കെ ആശ എം.എൽ.എ പൊതുമരാമത്ത് - ധനകാര്യവകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് 2021-22 ബഡ്ജറ്റിൽ തുക അനുവദിച്ചത്.