നെയ്യാറ്റിൻകരയിൽ വീട് കുത്തിത്തുറന്ന് മോഷണം
നെയ്യാറ്റിൻകര: ബസ് സ്റ്റാൻഡിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. അമ്മൻ നഗറിൽ മണികണ്ഠൻ-സിന്ധു ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. പൂജാ മുറിയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ വരുന്ന ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റും കുഞ്ഞിന്റെ അര പവനുള്ള ബ്രേസ്‌ലെറ്റുമാണ് മോഷണം പോയത്. സംഭവസമയം വീട്ടിൽ ആരുമില്ലായിരുന്നു. മണികണ്ഠൻ വിദേശത്തും ഭാര്യ സിന്ധു പാലക്കാട് റെയിൽവേയിൽ ജോലിയുള്ള മൂത്തമകൾ ആതിരയ്ക്കൊപ്പവുമായിരുന്നു. പിറ്റേന്ന് രാവിലെ ആതിരുടെ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വാതിൽ തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിയും പിക്കാസും വീട്ടിന് മുന്നിൽനിന്ന് കണ്ടെത്തി. സംഭവ ദിവസം സമീപത്തെ മറ്റ് വീടുകളിലും മോഷണ ശ്രമം നടന്നതായി നാട്ടുകാർ പറഞ്ഞു.
തിരുമംഗലം ലൈനിൽ രാജപ്പന്റെ വീട്ടിലാണ് ആദ്യം മോഷണ ശ്രമം നടന്നത്. ഇയാളുടെ മകൻ ലൈറ്റിട്ടതോടെ മോഷ്ടാവ് ടറസിന് മുകളിൽ നിന്ന് ഇറങ്ങിഓടി. രാജപ്പന്റെ അനുജൻ വൈരവന്റെ വീട്ടിലും മോഷണം ശ്രമം നടന്നതായി പരാതിയുണ്ട്. ഇതിന് ശേഷമാണ് മണികണ്ഠന്റെ വീട്ടിൽ മോഷണം നടത്തിയതെന്നാണ് നിഗമനം. മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദ്യശ്യം സമീപത്തെ വീട്ടിൽനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.