മകന്റെ ബാഗില്‍ നിന്ന് അദ്ധ്യാപികയുടെ പ്രേമലേഖനം; 'ക്ലാസ്മുറിയില്‍വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു'

Tuesday 13 May 2025 7:59 PM IST

വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക കുടുങ്ങി. ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കിയ പ്രണയലേഖനമാണ് പീഡനങ്ങളുടെ ചുരുളഴിച്ചത്. അമേരിക്കയിലെ ലിങ്കണ്‍ ഏക്കേഴ്‌സ് എലിമന്ററി സ്‌കൂളിലെ അദ്ധ്യാപികയായ ജാക്വിലിന്‍ മാ എന്ന യുവതി മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള വ്യക്തികൂടിയാണ്. നേരത്തെ അറസ്റ്റിലായ ഇവരെ 30 വര്‍ഷത്തേക്ക് ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് കോടതി. പ്രായപൂര്‍ത്തിയാകാത്ത നിരവധി വിദ്യാര്‍ത്ഥികളെയാണ് പീഡിപ്പിച്ചത്.

ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അദ്ധ്യാപിക നല്‍കിയ പ്രണയലേഖനം കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ചു. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. മകനോട് രക്ഷിതാക്കള്‍ കാര്യം ചോദിച്ചറിഞ്ഞപ്പോഴാണ് മൂന്ന് മാസമായി ക്ലാസ്മുറിയില്‍ വച്ച് പീഡിപ്പിക്കുകയും നിര്‍ബന്ധിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിയിരുന്നതായും തെളിഞ്ഞത്. വിവരം പുറത്ത് പറയാതിരിക്കാന്‍ സമ്മാനങ്ങളും മിഠായികളും നല്‍കിയിരുന്നു.

കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ നേരിടേണ്ടി വരുന്ന ആഘാതമാണ് അധ്യാപിക ഏല്‍പ്പിച്ചതെന്നും 30 വര്‍ഷം തടവ് എന്ന ശിക്ഷ ഉചിതമാണെന്നും ജില്ലാ അറ്റോര്‍ണി പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഫെബ്രുവരിയില്‍ ജാക്വിലിന്‍ സമ്മതിച്ചിരുന്നു. വിധി പറഞ്ഞതിന് ശേഷം ഇവര്‍ ഖേദ പ്രകടവും നടത്തി. താന്‍ അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും കുട്ടികളുടെ ബാല്യകാലം തട്ടിയെടുത്തതില്‍ ഖേദമുണ്ടെന്നും ജാക്വിലിന്‍ പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികളെ ഇവര്‍ സമാനമായ രീതിയില്‍ പീഡിപ്പിച്ചിരുന്നു.