കങ്കണ ഹോളിവുഡിൽ
ഹോളിവുഡ് അരങ്ങേറ്റത്തിന് ബോളിവുഡ് താരം കങ്കണ റനൗട്ട്. ബ്ളെസ്ഡ് ബി ദ ഈവിൾ" എന്നു പേരിട്ട ഹൊറർ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അനുരാഗ് രുദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ സിൽവസ്റ്റർ സ്റ്റാലോണിന്റെ മകൾ സ്‌കാർലറ്റ് റോഡ് സ്റ്റാലോൺ, ടീൻ വുൾഫ് ഫെയിം ടൈലർ പോസി എന്നിവർ കങ്കണയോടൊപ്പം താരനിരയിലുണ്ട്. പൂർണമായും അമേരിക്കയിലാണ് ചിത്രീകരണം. വിദേശ ചലച്ചിത്ര നിർമ്മാണങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനുള്ള യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ചിത്രം പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുക.
അനുരാഗ് രുദ്രയും ഗാത തിവാരിയും ചേർന്നാണ് നിർമ്മാണം. വേഡ് മുള്ളർ ക്യാമറ ചലിപ്പിക്കുന്നു. വൈറ്റ് എലിഫന്റ്, ഒക്യുപേഷൻ : റെയിൻഫാൾ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ആൾതാമസമില്ലാത്ത ഫാം വാങ്ങുന്ന ദമ്പതികളും തുടർന്ന് അവരുടെ ജീവിതത്തിൽ നടക്കുന്ന ഭയാനകമായ സംഭവങ്ങളുമാണ് ഇതിവൃത്തം. ചിത്രത്തിൽ കങ്കണയുടെ വേഷത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.