രൂപേഷിനെ കുടുസുമുറിയിൽ ഇരുത്താൻ ഉദ്യോഗസ്ഥനീക്കം

Tuesday 13 May 2025 10:09 PM IST

ആലപ്പുഴ: കാഴ്ച പരിമിതിയുള്ള കെ.എ.എസ് ഉദ്യോഗസ്ഥൻ എച്ച്.രൂപേഷിനെ ഒറ്റയ്ക്കൊരു മുറിയിൽ ഇരുത്താനുള്ള നീക്കം തുടരുന്നു. മനുഷ്യാവകാശ കമ്മീഷന്റെയും ഭിന്നശേഷി കമ്മീഷന്റെയും ഉത്തരവിനെ മറികടന്നുകൊണ്ടാണ് നീക്കം.ഉദ്യോഗതലത്തിലുള്ള ശ്രമം അപലപനീയമാണെന്ന് പൊതുപ്രവർ‌ത്തകൻ ചന്ദ്രദാസ് കേശവപിള്ള പ്രതികരിച്ചു.

രൂപേഷിന് പടിക്കെട്ടുകൾ കയറുന്ന ബുദ്ധിമുട്ടൊഴിവാക്കാൻ ജില്ലാ കളക്ടർ കണ്ടെത്തിയ മുറി, പരിമിതികൾ ഒഴിവാക്കി ഭിന്നശേഷി സൗഹൃദമാക്കി നൽകണമെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് ഡയറക്ടർക്ക് കത്തയച്ചിരുന്നത്. ഏപ്രിൽ 11ന് മനുഷ്യാവകാശ കമ്മീഷൻ രൂപേഷിന് അനുയോജ്യമായ സ്ഥലത്ത് സ്ഥലംമാറ്റം നൽകണമെന്ന് ഉത്തരവിറക്കിയിരുന്നു. തുടർന്ന് ഭിന്നശേഷി കമ്മീഷനും ലിഫ്റ്റും സൗകര്യമുള്ള അനുയോജ്യമായ ഇടത്ത് രൂപേഷിന് സ്ഥലംമാറ്റം നൽകണമെന്ന് ഉത്തരവിട്ടു. എന്നാൽ ജില്ലാ ഇൻഷ്വറൻസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കുടുസ്സുമുറിയിലേക്ക് തന്നെ അസി.ജില്ലാ ഇൻഷ്വറൻസ് ഓഫീസറായ രൂപേഷിനെ മാറ്റാനാണ് ശ്രമം നടക്കുന്നത്. ആലപ്പുഴ കളക്ടറേറ്റിൽ ആർ.ആർ വിഭാഗം ഡെപ്യുട്ടി കളക്ടറായിരുന്ന രൂപേഷ്, സ്ഥലം മാറ്റം ലഭിച്ച് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ എത്തിയതോടെ മൂന്ന് നില പടിക്കെട്ടുകൾ കയറാൻ ബുദ്ധിമുട്ടുന്നത് സംബന്ധിച്ച് കേരളകൗമുദിയാണ് സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ചത്. പടിക്കെട്ടുകൾ കയറുന്ന പ്രശ്നം പരിഹരിക്കാനായി ജില്ലാ കളക്ടർ കണ്ടെത്തിയ താഴത്തെ മുറിയിൽ ഒറ്റപ്പെട്ട് മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്നത് ശാരീരിക - മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് രൂപേഷ് മനുഷ്യാവകാശ കമ്മീഷന് മൊഴി നൽകിയിരുന്നു.

ഇഷ്ടക്കാരെ സ്ഥാനത്ത് നിന്നു മാറ്റാതിരിക്കാൻ അന്ധനായ ഉദ്യോഗസ്ഥനെ ബലിയാടാക്കുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണ്.

കാഴ്ചയുടെ ലോകത്തുനിന്ന് വിധി രൂപേഷിനെ ഒറ്റപ്പെടുത്തിയത് കൂടാതെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കേൾവിയുടെ ലോകത്തുനിന്നും മാറ്റിനിർത്താനാണ് ശ്രമിക്കുന്നത്

- ചന്ദ്രദാസ് കേശവപിള്ള,സാമൂഹ്യ പ്രവർത്തകൻ