തലവടിയിൽ കോളറ സ്ഥിരീകരിച്ചു, 48കാരൻ ആശുപത്രിയിൽ

Wednesday 14 May 2025 12:10 AM IST

കുട്ടനാട് : തലവവടി പഞ്ചായത്തിൽ കോളറ സ്ഥിരീകരിച്ചതോടെ കൂടുതൽ പരിശോധനകൾക്ക് തയ്യാറെടുത്ത് ആരോഗ്യവകുപ്പ്. നീരേറ്റുപുറം പുത്തൻപറമ്പിൽ പി.ജി.രഘുവി(48)നാണ് രോഗം സ്ഥിരീകരിച്ചത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രഘു വെന്റിലേറ്ററിലാണ്.

പുഞ്ചക്കൊയ്ത്ത് പൂർത്തീകരിച്ചതിന് പിന്നാലെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തിയത് വലിയതോതിൽ ഓരുവെള്ളം കുട്ടനാട്ടിലെത്തുന്നതിന് കാരണമായി. തരിശുകിടന്ന പാടശേഖരങ്ങളിലെല്ലാം ഓരുവെള്ളം വ്യാപിച്ചു. വിഷാംശം അടിഞ്ഞുകൂടിയ വെള്ളം വേലിയേറ്റ സമയത്ത് പൊതുജലാശയങ്ങളിലാകെ വ്യാപിച്ചത് കുടിവെള്ളപ്രശ്നം രൂക്ഷമാക്കി. അത്യാവശ്യ കാര്യങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കാൻ ആളുകൾ നിർബന്ധിതരാകുന്നതാകാം കോളറ പോലുള്ള രോഗങ്ങൾ തലപൊക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.