സുഖചികിത്സയിൽ തളിരണിഞ്ഞ് ഗുരുകുലത്തിലെ പ്ലാവ് മുത്തശ്ശി

Wednesday 14 May 2025 1:27 AM IST

ശ്രീകാര്യം: വൃക്ഷായുർവേദ ചികിത്സയിലൂടെ പുതുജീവനേകിയ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ മുത്തശ്ശി പ്ലാവിൽ പുതിയ തളിരുകൾ. ഗുരുകുലത്തിലെ പുരാതനവും ചരിത്ര ശേഷിപ്പുകളിൽപ്പെട്ടതുമായ ഈ മുത്തശ്ശി പ്ലാവിന് 300 മുതൽ 500 വർഷം വരെ പ്രായം കണക്കാക്കുന്നുണ്ട്.

ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടിന് സമീപം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഓഫീസിനോട് ചേർന്നാണ് പ്ലാവുള്ളത്.ഏതാനും മാസം മുമ്പാണ് വിധിപ്രകാരമുള്ള ആയുർവേദ ചികിത്സ നൽകിയത്.പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. വിഴാലരി,പശുവിൻ പാൽ,നെയ്യ്,ചെറുതേൻ,കദളിപ്പഴം,പാടത്തെ മണ്ണ്,ചിതൽപൂറ്റ്,മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്,രാമച്ചപ്പൊടി തുടങ്ങി 14 ചേരുവകളുള്ള ഔഷധക്കൂട്ട് തടിയിൽ പ്രത്യേക രീതിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണികൊണ്ട് പൊതിഞ്ഞു കെട്ടുകയും തുടർന്ന് 7 ദിവസം തുടർച്ചയായി 3 ലിറ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്തുമാണ് ചികിത്സ ഒരുക്കിയത്.