ചുട്ടി കുത്തലിൽ ഇനി 'അനന്യ" സ്പർശം

Tuesday 13 May 2025 10:36 PM IST

തളിപ്പറമ്പ്: കഥകളിവേഷത്തെ ജീവസ്സുറ്റതും അത്യാകർഷകവുമാക്കുന്ന പ്രയാസമേറിയ ചുട്ടികുത്തലിൽ അരങ്ങേറ്റം കുറിച്ച് പതിനേഴുകാരി. തളിപ്പറമ്പ് കപാലികുളങ്ങര മഹാവിഷ്‌ണുക്ഷേത്രത്തിലെ ദ്രവ്യ കലശാഭിഷേകത്തിന്റെ ഭാഗമായി തളിപ്പറമ്പ് കഥകളി കേന്ദ്രത്തിന്റെ കേളീരവം പരിപാടിയിലാണ് പുഴക്കുളങ്ങര ജനകീയ വായനശാലക്ക് സമീപത്തെ അനന്യ പ്രകാശൻ ചുട്ടികുത്തലിൽ തുടക്കമിട്ടത്.

ദേവദത്ത് എന്ന കലാകാരന്റെ മുഖത്ത് ചുട്ടിയിട്ടാണ് ഈ പെൺകുട്ടിയുടെ തുടക്കം. സ്ത്രീകൾ പൊതുവേ പ്രവേശിക്കാത്ത ഈ കലാമേഖലയിൽ ഏറെ പ്രതീക്ഷയോടെയാണ് പ്ളസ് ടു പഠനം പൂർത്തിയാക്കിയ ഈ പെൺകുട്ടി എത്തിയിരിക്കുന്നത്. നിശ്ചലമായ കാൻവാസിലോ കടലാസിലോ ചുമരിലോ ചിത്രം വരക്കുന്നതു പോലെയല്ല ചുട്ടികുത്തൽ. ചലിക്കുന്ന പ്രതലത്തിലാണ് എഴുതേണ്ടത്. കഥകളി കലാകാരന്റെ തലക്ക് പിന്നിലിരുന്ന് ഇളകുന്ന മുഖത്ത് ചായമിടൽ ഏറെ ശ്രമകരമാണെന്ന് ചിത്രം വരയിൽ നേരത്തെ കഴിവ് തെളിയിച്ച ഈ പെൺകുട്ടി പറഞ്ഞു.

ചുട്ടി കുത്തലിൽ പേരെടുത്ത നിരവധി പേർ കേരളത്തിലുണ്ടെങ്കിലും സ്ത്രീകൾ വിരളമാണ്. ലണ്ടൻകാരിയായ ബാർബറ വിജയകുമാറും തൃശൂർ ചെറുതുരുത്തിയിലെ മേരി ജോണുമാണ് ഇതിൽ പേരെടുത്തവർ. ഇവരുടെ വഴിയിലേക്കാണ് അനന്യയുടെ പ്രവേശം. അരിമാവ്, ചുണ്ണാമ്പ്, പേപ്പർ, പശ തുടങ്ങിയവ ഉപയോഗിച്ചാണ് ചുട്ടിയിടൽ. അരങ്ങിൽ ഇളകിയാടുന്ന കഥകളിൽ ചുട്ടി മുഖത്ത് ഉറച്ചുനിൽക്കുന്നത് പ്രധാനമാണ്.അതിനാൽ ഏറെ സൂക്ഷ്‌മത ഇതിന് ആവശ്യമാണ്. ചെറിയ പിഴവിൽ ചുട്ടി ഇളകിപ്പോവാനുള്ള സാധ്യതയേറെ.

മനസാന്നിദ്ധ്യം അത്രയ്ക്ക് വേണമെന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ കഥകളി കേന്ദ്രത്തിലെ ഗുരുക്കന്മാരായ കലാനിലയം പത്മനാഭനും ടി.കെ.ഗോവിന്ദനും പകർന്ന പ്രധാന പാഠം. ചിത്രകലക്ക് പുറമെ കരാട്ടെ, നൃത്ത കോറിയോഗ്രാഫി എന്നിവയിലും അനന്യ മിടുക്ക് തെളിയിച്ചിട്ടുണ്ട്. മുത്തേടത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഈ പെൺകുട്ടി പ്ലസ്‌ടു പൂർത്തിയാക്കിയത്. തളിപ്പറമ്പ് നഗരസഭയുടെ ബഡ്‌സ് സ്‌കൂളിൽ ആയയായ സഹിജയുടെയും പ്രകാശന്റെയും മകളാണ് ഈ മിടുക്കി. സഹോദരി: ആതിര.