സമുദ്രാ പർക്ക് നാശത്തിന്റെ വക്കിൽ

Wednesday 14 May 2025 1:54 AM IST

കോവളം: അവധിക്കാലം അടിച്ചു പൊളിക്കാൻ കോവളം സമുദ്രാ ബീച്ചിലെ പാർക്കിലെത്തുന്ന കുട്ടികൾക്ക് നിരാശയോടെ മടങ്ങാം. പാർക്കിനുള്ളിൽ കുട്ടികൾക്കായി ടൂറിസം വകുപ്പ് നിർമ്മിച്ച് നൽകിയ സ്ലൈഡ്, ഡബിൾ സ്വീയിംഗ് എന്നിവയുടെ പലഭാഗങ്ങളും ഒടിഞ്ഞു. ഇതോടെ പാർക്കിലെ കളിസ്ഥലം അനാഥമായ കാഴ്ചയാണിപ്പോൾ. പാർക്കിലെ കളിസ്ഥലം അനാഥമായതോടെ നിരവധി കുട്ടികളാണ് ദിനവും നിരാശരായി മടങ്ങുന്നത്. മൂന്നര വർഷം മുമ്പാണ് 9 കോടിയിലധികം രൂപ ചെലവിട്ട് പാർക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആകർഷകമായ ചുവർചിത്രങ്ങൾ,കൽമണ്ഡപങ്ങൾ,നിറങ്ങൾ ചാലിച്ചുള്ള ജലധാര,കുട്ടികളുടെ പാർക്ക് എന്നിവയായിരുന്നു പ്രധാന നിർമ്മാണങ്ങൾ. കരിങ്കല്ലി‍ൽ കൊത്തിയ ശില്പചാതുരിയോടെയുള്ള ചുറ്റുമതിലാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിശാല ഭിത്തികളിൽ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ ചുവർചിത്രങ്ങളായിട്ടുള്ളതാണ് മറ്റൊരു ആകർഷണം. എന്നാൽ ഇതിനെ വേണ്ടത്ര രീതിയിൽ സംരക്ഷിക്കാൻ ടൂറിസംവകുപ്പ് തയ്യാറായില്ലെങ്കിൽ പാർക്ക് നശിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. ആകർഷക വിളക്കുകൾ, പുൽത്തകിടി എന്നിവയും നശിച്ചു തുടങ്ങി.