പാഷൻ ഫ്രൂട്ടിന്പ്രിയമേറുന്നു
കല്ലറ: വീട്ടുമുറ്റത്തും ടെറസിലും മരങ്ങളിലും പടർന്നു പന്തലിച്ച് കായ്ച്ച് കിടക്കുന്ന പാഷൻ ഫ്രൂട്ട് കാഴ്ചക്കാർക്കെന്നും കൗതുകം തന്നെയാണ്. കുറച്ച് വർഷം മുൻപ് വരെ ആർക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷൻ ഫ്രൂട്ട്. എന്നാലിന്ന് അതല്ല സ്ഥിതി. പാഷൻ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാൻ മികച്ചതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ പാഷൻ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു. പതിയെ സ്ക്വാഷ് വിപണിയിലും പാഷൻ ഫ്രൂട്ടിന്റെ രുചി ഉപയോക്താക്കൾക്ക് പ്രിയങ്കരമായി. പാഷൻ ഫ്രൂട്ടിൽനിന്ന് വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഒട്ടേറെ സംരംഭങ്ങളും ഇന്ന് സജീവമാണ്.
മിക്കപ്രദേശങ്ങളിലുമിപ്പോൾ ഏറിയും കുറഞ്ഞും വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. കിലോയ്ക്ക് 40 മുതൽ 85 രൂപവരെ കർഷകർക്ക് ലഭിക്കുന്നു. വിപണിയിൽ ലഭ്യത കുറയുന്ന സമയത്ത് കിലോയ്ക്ക് 100 രൂപയ്ക്ക് വരെ വ്യാപാരം നടക്കുന്ന സ്ഥിതിയുണ്ട്. കാര്യമായ മുന്നറിവൊന്നുമില്ലാതെ കൃഷി ചെയ്യാമെന്നതും വിപണി ഉറപ്പാണെന്നതും ഏറെപ്പേരെ പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് ആകർഷിക്കുന്നു.
ഗുണങ്ങളേറെ
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, പോളിഫെനോൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണിത്. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. പാഷൻഫ്രൂട്ടിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തെ പിന്തുണയ്ക്കും. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ അണുബാധകളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
കിലോയ്ക്ക് 40 - 85 രൂപ