കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്, മെഡിക്കൽ ബോർഡിനെതിരെ കുടുംബം

Wednesday 14 May 2025 3:54 AM IST

 വിഷയം സംസ്ഥാനതല എത്തിക്സ് കമ്മിറ്റിയിലേക്ക്

തിരുവനന്തപുരം : കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ ഒൻപത് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെ യുവതിയുടെ കുടുംബം. കുറ്റക്കാരായ കുളത്തൂരിലെ കോസ്മെറ്റിക്ക് ക്ലിനിക്ക് അധികൃതരെ സംരക്ഷിക്കുന്ന തരത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയെന്നാണ് ആക്ഷേപം. നീതിക്കായി കോടതിയെ സമീപിക്കുമെന്ന് നീതുവിന്റെ ഭർത്താവിന്റെ അച്ഛൻ പത്മകുമാറും അമ്മ ശ്രീലതയും പറഞ്ഞു. അതേസമയം ജില്ലാതല എത്തിക്സ് കമ്മിറ്റി കൈമാറിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ വ്യക്തതതേടാനാണ് പൊലീസിന്റെ തീരുമാനം. ജില്ലാതല എത്തിക്‌സ് കമ്മിറ്റി അംഗമായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഗീനാ കുമാരിയുടെ വിയോജനക്കുറിപ്പോടെയാണ് മെഡിക്കൽ ബോർഡ് ശുപാർശ അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ജെ.കെ .ദിനിലിന് കൈമാറിയത്. ഇത്തരത്തിൽ വിയോജിപ്പുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തത തേടണം. ഈ ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരും ഇവർ നിശ്ചയിക്കുന്ന ഫോറൻസിക് സർജനും ഉൾപ്പെടുന്ന സംസ്ഥാനതല എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിക്കും. തുടർന്ന് വിദഗ്ദ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കണം. അതിനിടെ ആരോപണവിധേയരായ കുളത്തൂരിലെ കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടർമാർ,നഴ്സുമാർ മറ്റുജീവനക്കാർ എന്നിവരുടെ വിശദമായ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. നാളെ ഡോക്ടർമാരെയും വെള്ളിയാഴ്ച നഴ്സുമാരെയും വിളിച്ചുവരുത്തും. ഇതോടൊപ്പം യുവതിയെ ചികിത്സിക്കുന്ന അനന്തപുരി ആശുപത്രിയിലെ ഡോക്ടറുടെയും മൊഴിയെടുക്കും. ആരോപണവിധേയർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.

നീതുവിനെ വാർഡിലേക്ക് മാറ്റി

അനന്തപുരി ആശുപത്രിയിൽ ഐ.സി.യുവിലായിരുന്ന നീതുവിനെ ഇന്നലെ വാർഡിലേക്ക് മാറ്റി. മുറിവിന്റെ അസഹനീയമായ വേദനയിപ്പോഴുമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിരലുകൾ മുറിച്ചുമാറ്റിയത്.