പഹൽഗാം ആക്രമണം,​ ടി.ആർ.എഫ് മേധാവി ഷാഹിദിനെ വധിച്ചു,​ 2 ലഷ്‌കറെ ഭീകരരും കൊല്ലപ്പെട്ടു

Wednesday 14 May 2025 4:22 AM IST

ശ്രീനഗർ: പഹൽഗാമിൽ നിരപരാധികളെ കൂട്ടക്കുരിതി ചെയ്ത ഭീകര സംഘടനയായ ദ റെസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടി.ആർ.എഫ്) മേധാവി ഷാഹിദ് കൂട്ടായ് അടക്കം മൂന്ന് ഭീകരർ ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ കെല്ലർ ഭാഗത്ത് 'ഒാപ്പറേഷൻ കെല്ലർ' എന്ന പേരിൽ സുരക്ഷാസേന നടത്തിയ നടപടിക്കിടെയാണിത്.

ഷാഹിദിനൊപ്പം സുരക്ഷാസേന വധിച്ച അദ്നാൻ ഷാഫി ദാർ, ഹാരിസ് നസീർ എന്നിവർ

ലഷ്‌കറെ ത്വയ്ബ ഭീകരരാണെന്ന് തിരിച്ചറിഞ്ഞു. പഹൽഗാം ആക്രമണത്തിന്റെ ആസൂത്രകനാണ് ഷാഹിദ് കൂട്ടായ് എന്നാണ് വിവരം. സുരക്ഷാ ഏജൻസികൾ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കെല്ലർ വനപ്രദേശത്ത് ഭീകരരുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നീ ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ ഏജൻസികൾ പോസ്റ്ററുകൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഷാഹിദ് കുട്ടായ്

ഷോപ്പിയാൻ സ്വദേശി. 2023 മാർച്ച് 8ന് ലഷ്കറെ ത്വയ്ബയിൽ ചേർന്നു, 2024 ഏപ്രിൽ 8ന് ഡാനിഷ് റിസോർട്ടിൽ ‌ജർമ്മൻ വിനോദ സഞ്ചാരികൾക്കു നേരെ വെടിവച്ച സംഘത്തിലുണ്ടായിരുന്നു. 2024 മേയ് 18ന് ഷോപ്പിയാനിലെ ഹീർപോറയിൽ ബി.ജെ.പി സർപഞ്ചിനെ കൊലപ്പെടുത്തിയതിലും പങ്ക്. ഫെബ്രുവരി 3ന് കുൽഗാമിലെ ബെഹിബാഗിൽ നടന്ന ആക്രമണത്തിലും പങ്കുണ്ടെന്ന് സംശയം.

അദ്നാൻ ഷാഫി ദാർ

ഷോപ്പിയാൻ സ്വദേശി. 2024 ഒക്ടോബർ 18ന് ലഷ്കറെ ത്വയ്ബയിൽ ചേർന്നു. 2024 ഒക്ടോബർ 18ന് ഷോപ്പിയാനിലെ വാച്ചിയിൽ ഒരു തൊഴിലാളിയെ കൊലപ്പെടുത്തിയതിൽ പങ്ക്.

ഹാരിസ് നസീർ

പുൽവാമ സ്വദേശി. 2024 ഏപ്രിലിൽ ജർമ്മൻ വിനോദസഞ്ചാരികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ പങ്ക്.

പാക് ആക്രമണത്തിൽ

പരിക്കേറ്റ സ്ത്രീ മരിച്ചു

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബ് ഫിറോസ്‌‌പൂർ അതിർത്തി ഗ്രാമത്തിലെ സുഖ്വീന്ദർ കൗർ (50) ​മരിച്ചു. വെള്ളിയാഴ്ച പാക് ഡ്രോൺ ആക്രമണത്തിൽ ഇവരുടെ വീടിന് തീപിടിച്ചാണ് ഗുരുതരമായി പൊള്ളലേറ്റത്. ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.