ക്ഷിപ്രകോപി, മുമ്പും മർദ്ദിച്ചു; ശ്യാമിലി
തിരുവനന്തപുരം: പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം, മറ്റു ജൂനിയർ അഭിഭാഷകരോടും ദേഷ്യപ്പെടും, ഫയലുകൾ മുഖത്തേക്ക് വലിച്ചെറിയും- സീനിയർ അഭിഭാഷകന്റെ മർദ്ദനത്തിൽ പരിക്കേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി പറഞ്ഞു. അദ്ദേഹമെടുക്കുന്ന നിലപാട് ശരിയല്ലെന്ന് പറഞ്ഞതിന് തന്നെ മുമ്പും മർദ്ദിച്ചിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞു.
അടിക്കടി പിരിച്ചുവിടുന്നതിന്റെ കാരണം ചോദിച്ചറിയാൻ ഇന്നലെ ശ്രമിച്ചെങ്കിലും കേൾക്കാൻ അദ്ദേഹം തയ്യാറായില്ല. ഒന്നും കേൾക്കണ്ടെന്നായിരുന്നു മറുപടി. എന്നാൽ തനിക്ക് പറയാനുള്ളത് കേൾക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ തന്നെ മർദ്ദിച്ച ശേഷം ഇറങ്ങിപ്പോകാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ ഓഫീസിലെ മറ്റൊരു ജൂനിയർ അഭിഭാഷക ഇടപെടാൻ ശ്രമം നടത്തി. ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും ജോലിചെയ്യാൻ വന്നാൽ അതുനോക്കിയാൽ മതിയെന്നും' ശ്യാമിലി അവരോട് പറഞ്ഞതോടെ പ്രകോപിതനായ ബെയ്ലിൻ ദാസ് 'താൻ ആരോടാണ് സംസാരിക്കുന്നതെന്നറിയാമോ ' എന്ന് ചോദിച്ചുകൊണ്ട് മുഖത്ത് പലതവണ അടിച്ചു. അടിയേറ്റ് നിലത്തുവീണ തന്നെ വീണ്ടും മർദ്ദിച്ചെന്നും ശ്യാമിലി പറഞ്ഞു. മുമ്പ് മർദ്ദനമെറ്റിട്ടുണ്ടെങ്കിലും
അന്ന് ഇക്കാര്യം പരാതിപ്പെട്ടിട്ടില്ലെന്നും ശ്യാമിലി കൂട്ടിച്ചേർത്തു.
ജോലിയിൽ നിന്നും പറഞ്ഞുവിട്ട ശ്യാമിലിയെ വീണ്ടും തിരികെ വിളിച്ചതറിഞ്ഞപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകാനാണ് പറഞ്ഞതെന്ന് ഭർത്താവ് ഷൈൻ അറിയിച്ചു.
എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനായിരുന്ന പൂന്തുറ സ്വദേശിയായ ബെയ്ലിൻ ദാസ് ജോലിയിൽ നിന്നും പിരിഞ്ഞതിന് ശേഷമാണ് വക്കീലാകുന്നത്. 15 വർഷമായി വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്.
വനിതാ നേതാക്കൾ സന്ദർശിച്ചു
സി.പി.എം വനിതാ നേതാക്കളായ ടി.എൻ.സീമ,പുഷ്പലത,സി.പി.ഐ നേതാവ് അഡ്വ. ഇന്ദിരാ രവീന്ദ്രൻ,പബ്ലിക് പ്രോസിക്യൂട്ടർ ടി.ഗീനാകുമാരി എന്നിവർ ശ്യാമിലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.