തൃശൂർ പൂരത്തിനിടെ ലേസർ പ്രയോഗം: തെളിവ് കിട്ടിയാൽ ഉടൻ പരാതി നൽകും

Wednesday 14 May 2025 12:32 AM IST

തൃശൂർ: തൃശൂർ പൂരത്തിനിടെ ആനകളുടെ നേരെ വ്യാപകമായി ലേസർ പ്രയോഗമുണ്ടായെന്നും ഇതിന്റെ തെളിവുകൾ കിട്ടിയാൽ ഉടൻ പരാതി നൽകുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. കുടമാറ്റത്തിനും രാത്രി എഴുന്നെള്ളിപ്പിനും വ്യാപകമായി ലേസർ അടിച്ചിരുന്നു. ദേവസ്വം ഭാരവാഹികൾ അടക്കം ഇത് കണ്ടിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിലും ഇത് പ്രചരിച്ചിരുന്നു. ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചതിനാലാണ് പൂരത്തിന് ഇടഞ്ഞതെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. മന:പൂർവം പ്രശ്‌നങ്ങളുണ്ടാക്കാൻ ചില ലോബികൾ പിന്നിൽ പ്രവർത്തിച്ചെന്ന സംശയവും ഉന്നയിച്ചിരുന്നു. പൂരങ്ങൾക്ക് ലേസർ കർശനമായി നിരോധിക്കണമെന്നും ലേസർ നിരോധിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിൽപന വ്യാപകമാണെന്നാണ് ആരോപണം. ലേസർ അടിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസും വനംവകുപ്പും അന്വേഷിച്ച് കർശന നടപടി എടുക്കണമെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. പൂരം വളരെ ഭംഗിയായും മാതൃകാപരമായും നടത്താൻ കഴിഞ്ഞുവെന്ന് ഇരുദേവസ്വങ്ങളും വ്യക്തമാക്കി.