ക്ലീൻ സിറ്റി ചീഞ്ഞുനാറുന്നു
Wednesday 14 May 2025 12:34 AM IST
തൃശൂർ: നഗരത്തിന്റെ ഹൃദയഭാഗത്ത് നടുവിലാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കോർപറേഷൻ ഷോപ്പിംഗ് കോംപ്ലക്‌സും പരിസരവും ചീഞ്ഞു നാറുകയാണെന്ന് കാണിച്ച് ഹിന്ദ് മസ്ദൂർ സഭ ജില്ലാ പ്രസിഡന്റും മുൻ കൗൺസിലറുമായ പി.ഒ. അബ്ദുൾ മുത്തലീഫ് കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. ക്ലീൻ സിറ്റി പരിവേഷത്തിനായി പരക്കം പായുന്ന ഉദ്യോഗസ്ഥർ മലിന ജലം കെട്ടികിടക്കുന്നത് കണ്ടിട്ടും കാണാതെ എല്ലാം ക്ലീനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. പൂരത്തിന് മുമ്പ് സ്ഥലം സന്ദർശിച്ച് കോർപറേഷൻ ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥർ ശോചനീയാവസ്ഥ നേരിൽ കണ്ടിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. അടിയന്തിരമായി ഈ പ്രദേശങ്ങൾ ശുചീകരിച്ച് മാരക രോഗങ്ങളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കണമെന്ന് അബ്ദുൾ മുത്തലീഫ് ആവശ്യപ്പെട്ടു.