നിർമ്മാണം വേഗത്തിലാക്കണമെന്ന്
Wednesday 14 May 2025 12:36 AM IST
തൃശൂർ: തൃശൂർ-എറണാംകുളം ദേശീയ പാതയിലെ നിർമ്മാണം ത്വരിതഗതിയിലാക്കാൻ ദേശീയ പാത അതോറിട്ടി നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആമ്പല്ലൂർ, പേരാമ്പ്ര, ചിറങ്ങര, മുരിങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിൽ മേൽപ്പാലങ്ങളുടെയും അടിപ്പാതയുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിർമ്മാണം മന്ദഗതിയിലാണ്. ഇതു മൂലം ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. അതീവ പ്രാധാന്യമുള്ള ഒരു പാതയിൽ നിർമ്മാണം നടത്തുമ്പോഴുള്ള മുൻകരുതലുകളോ ക്രമീകരണങ്ങളോ എൻ.എച്ച്.എ അതോറിറ്റി സ്വീകരിച്ചിട്ടില്ല. കൂടുതൽ തൊഴിലാളികളും മറ്റ് സംവിധാനങ്ങളുമൊരുക്കി നിർമാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.