2.11 കോടി രൂപയുടെ മഴക്കാല പൂർവ ശുചീകരണം

Wednesday 14 May 2025 12:38 AM IST

തൃശൂർ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് 2.11 കോടി രൂപ ചെലവഴിക്കുമെന്ന് മേയർ എം.കെ.വർഗീസ്. ശുചീകരണം നാളെ ആരംഭിക്കും. താണിക്കുടം പുഴ, പെരിങ്ങാവ് കുണ്ടുവാറ തോട്, ഗിരിജ തോട്, വഞ്ചിക്കുളം തോട് തുടങ്ങിയ കോർപ്പറേഷൻ പരിധിയിലെ പ്രധാന തോടുകളും സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്ന ശക്തൻ നഗർ, ഇക്കണ്ടവാര്യർ റോഡ്, ഉദയ നഗർ, വൃന്ദാപുരി, കുട്ടൻകുളങ്ങര എം.ജി. നഗർ, ഹരിനഗർ, പെരിങ്ങാവ് തുടങ്ങിയ സ്ഥലങ്ങളും ചെറുതും വലുതുമായ 211 തോടുകളുടെ ക്ലീനിംഗ് ഉൾപ്പെടെയാണ് ശുചീകരണ പ്രവർത്തനം. കോർപ്പറേഷനിലെ കാനകളുടെ ക്ലീനിംഗ് ആരോഗ്യ വിഭാഗം ആരംഭിച്ചു. കയ്യേറ്റം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചെന്നും അറിയിച്ചു. വാർത്താസമ്മേളനത്തിൽ പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ എന്നിവരും പങ്കെടുത്തു.