പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം: 21 മരണം, ഒമ്പത് പേർ അറസ്റ്റിൽ

Wednesday 14 May 2025 12:47 AM IST

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യ ദുരന്തത്തിൽ 21 മരണം. പത്തോളം പേർ ചികിത്സയിലാണ്. അമൃത്സറിലെ മജിതയിലാണ് സംഭവം. ഭംഗാലി കലാൻ, തരൈവാൾ, സംഘ, മാറാരി കലൻ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിലധികവും.

സംഭവത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി ഒമ്പത് പേരെ അറസ്റ്ര് ചെയ്തു. അശ്രദ്ധയ്ക്ക് എക്‌സൈസ് ആൻഡ് ടാക്‌സേഷൻ ഓഫീസർ (ഇ.ടി.ഒ), ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചു. മദ്യ നിർമ്മാണത്തിന് ഓൺലൈൻ വഴി വൻതോതിൽ വ്യാജ മെഥനോൾ വാങ്ങിയതായി പൊലീസ് കണ്ടെത്തി. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു.

വ്യാജ മദ്യത്തിന്റെ പ്രധാന വിതരണക്കാരായ പ്രഭ്ജിത് സിംഗ്, സാഹിബ് സിംഗ് എന്നിവരെയും ഇവരിൽ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്ത ഏഴ് പേരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് ദുരന്തത്തിൽപ്പെട്ടവർ മദ്യം കഴിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അമൃത്സർ ജില്ലാ കളക്ടർ സാക്ഷി സാവ്നി അറിയിച്ചു.

ചിലർ തിങ്കളാഴ്ച രാവിലെ മരിച്ചു. നാട്ടുകാർ പൊലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ ദഹിപ്പിച്ചു. ഹൃദയാഘാതത്താലാണ് മരണമെന്ന് അവർ പ്രചരിപ്പിച്ചെന്നും കളക്ടർ അറിയിച്ചു. അനധികൃത മദ്യം വിതരണം ചെയ്യുന്നവരെ പിടികൂടാൻ പൊലീസ് മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇരകളായവർ സാധാരണക്കാരും ദിവസവേതനക്കാരുമാണ്. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ പൂർത്തിയാകും.

അഞ്ച് വർഷത്തിനിടെ

മൂന്നാം സംഭവം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഞ്ചാബിൽ നടക്കുന്ന മൂന്നാമത്തെ വലിയ മദ്യ ദുരന്തമാണിത്. 2020 ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ, മൂന്ന് അതിർത്തി ജില്ലകളായ തരൺ തരൺ, അമൃത്സർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ വ്യാജമദ്യം കഴിച്ച് 130ഓളം പേർ മരിച്ചു. തരൺ തരൺ ജില്ലയിൽ മാത്രം 80 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ ഭഗവന്ത് മാന്റെ ജില്ലയായ സംഗ്രൂരിൽ മദ്യദുരന്തത്തിൽ 20 പേർ മരിച്ചു. വ്യാജമദ്യ മാഫിയയെ അടിച്ചമർത്തുമെന്ന പഞ്ചാബ് സർക്കാരിന്റെ അവകാശവാദങ്ങളെ പൊളിക്കുന്ന സംഭവങ്ങളാണിത്.

വിമർശനവുമായി

ബി.ജെ.പി

സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമ‌ർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഡൽഹിയിൽ മദ്യക്കച്ചവടത്തിന് ജയിലിലായവരാണ് ഇപ്പോൾ പഞ്ചാബ് ഭരിക്കുന്നതെന്ന് ബി.ജെ.പി പ്രസിഡന്റ് സുനിൽ ജാഖർ പറഞ്ഞു.

അത്തരക്കാരിൽ നിന്ന് എന്ത് നന്മ പ്രതീക്ഷിക്കാനാകുമെന്നും ചോദിച്ചു.