'ഹിസ്‌ബുൾ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി വധിച്ച മേജറിന്റെ മകൾ', വീരമൃത്യു വരിച്ച സൈനികനെ ഓർത്ത് ബോളിവുഡ് താരമായ മകൾ

Wednesday 14 May 2025 1:11 AM IST

ജയ്‌പൂർ: അഞ്ച് ധീരജവാന്മാരുടെ വിലപ്പെട്ട ജീവനാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സമയത്ത് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. പാകിസ്ഥാനിലെ ഭീകരതാവളങ്ങളും സൈനിക കേന്ദ്രങ്ങളും പെഹൽഗാം ആക്രമണത്തിന്റെ പ്രതികാരമായി ഇന്ത്യ തകർത്തിരുന്നു. തുടർന്ന് പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനമാണ് സൈനികരെ നമുക്ക് നഷ്‌ടമാകാൻ ഇടയാക്കിയത്. ഈ സമയം മൂന്ന് പതിറ്റാണ്ട് മുൻപ് തന്റെ പിതാവടക്കം 12 സൈനികരുടെ ജീവൻ നഷ്‌ടമായ സംഭവം ഓർത്തെടുക്കുകയാണ് ബോളിവുഡ് താരം നിമ്രത് കൗർ.

തന്റെ പിതാവിന്റെയും ഒപ്പം ജീവൻ നഷ്‌ടമായ 12 സൈനികരുടെയും സ്‌മരണയ്‌ക്കായി നിമ്രത് കൗർ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ നഗരത്തിൽ ഒരു സ്‌മാരകം തന്നെ പണികഴിപ്പിച്ചു. നിമ്രതും അമ്മയും സഹോദരിയും ചേർന്നാണ് സ്‌മാരകം തുറന്നത്. 1994ൽ കാശ്‌മീരിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരരെ നേരിട്ട് ജീവൻ നഷ്‌ടമായ മേജർ ഭൂപേന്ദർ സിംഗാണ് നിമ്രത് കൗറിന്റെ പിതാവ്.

കാശ്‌മീരിലെ വെറിനാഗിൽ ബോർഡർ റോഡ്‌സിൽ എഞ്ചിനീയറായിരുന്നു മേജർ ഭൂപേന്ദർ സിംഗ്. ഹിസ്‌ബുൾ ഭീകരർ അദ്ദേഹമടക്കം സൈനികരെ തട്ടിക്കൊണ്ടുപോകുകയും വലിയ തുക പ്രതിഫലമായി ചോദിക്കുകയും ചെയ്‌തു. അവരോട് എതിരിട്ട് സൈനികർ വീരചരമമടഞ്ഞു. 44 വയസ് മാത്രമായിരുന്നു മേജർ ഭൂപേന്ദർ സിംഗിന് അന്ന് പ്രായം. മരണശേഷം അദ്ദേഹത്തിന് ശൗര്യചക്ര നൽകി രാജ്യം ആദരിച്ചു.