ആക്രി പെറുക്കാനെന്ന പേരിലെത്തി പണവും നിലവിളക്കുമടക്കം ക്ഷേത്രത്തിൽ നിന്നും മോഷ്‌ടിച്ചു, പിടിയിലായത് ബംഗാളിൽ നിന്നുള്ള മൂന്നംഗ സംഘം

Wednesday 14 May 2025 1:41 AM IST

പറവൂർ: ചെറിയപ്പിള്ളി പുളിക്കൽ ശ്രീഭദ്രകാളി ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശികളായ രാംജൻ സർക്കാർ (34), സഹിനൂർ ഇസ്ലാം (34), ബാപ്പൻ മണ്ഡൽ (26) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റുചെയ്തത്.

രണ്ട് ലക്ഷത്തോളം രൂപവരുന്ന പഞ്ചലോഹസ്തംഭം, 8 വലിയ നിലവിളക്ക്, 30ചെറിയ നിലവിളക്ക്, സ്വർണം വെളളിരൂപങ്ങൾ, പണം എന്നിവയുള്ള ഭണ്ഡാരം, വെങ്കലത്തിൽ നിർമ്മിച്ച 4 കുടം, 3 വടി ചിലമ്പ്, തൂക്കുവിളക്ക്, 4 നിവേദ്യപാത്രം, 5 പൂജാപാത്രം, പിച്ചളയുടെ 2 കലശകുടം തുടങ്ങിയവയാണ് മോഷ്ടിച്ചത്.

കഴിഞ്ഞ 5ന് രാത്രിയായിരുന്നു മോഷണം. ആക്രി പെറുക്കാനെന്ന വ്യാജേന പകൽ സമയങ്ങളിൽ സ്ഥലങ്ങൾ നിരീക്ഷിച്ച് രാത്രിയിലെത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.