ശുചീകരണ തൊഴിലാളികൾക്കുള്ള പദ്ധതിയിലെ ക്രമക്കേട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി

Wednesday 14 May 2025 1:44 AM IST

ചെന്നൈ: ശുചീകരണ തൊഴിലാളികളെ സംരംഭകരാക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ പദ്ധതിയിലെ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബർ സവുക്കു ശങ്കർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഈ പദ്ധതിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സവുക്കു ശങ്കർ നിരന്തരം പരാതിപ്പെട്ടുവരികയാണ്. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സി.ബി.ഐയ്ക്ക് പരാതി നൽകിയിരുന്നു.

ശുചിത്വ തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും അവരെ സംരംഭകരാക്കുന്നതിനുമായി തമിഴ്നാട് സർക്കാർ നടപ്പിലാക്കുന്ന അംബേദ്കർ ഇൻഡസ്ട്രിയൽ പദ്ധതിക്കെതിരെയാണ് പരാതി. ശുചിത്വ തൊഴിലാളികൾക്ക് 50 ശതമാനം സബ്സിഡിയോടെ ആധുനിക മലിനജല നിർമാർജന വാഹനങ്ങളും ഉപകരണങ്ങളും നൽകുന്നതാണ് പദ്ധതി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല നിയമവിരുദ്ധമായി ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകിയിരിക്കുകയാണെന്നും ഇതുവഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നുമാണ് സുവുക്കു ശങ്കറിന്റെ പരാതി. തമിഴ്നാട് കോൺഗ്രസിലെ ഒരു നേതാവിന് ഇതിൽ പങ്കുണ്ട്. ശുചിത്വ തൊഴിലാളികളെ ശാക്തീകരിക്കാൻ അനുവദിച്ച പണം യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിയില്ല. തുടങ്ങിയവയാണ് ഹർജിയിലുള്ളത്