ട്രംപിന്റെ ഇടപെടൽ: ആശയക്കുഴപ്പം ദുരീകരിക്കണമെന്ന് കോൺഗ്രസ്

Wednesday 14 May 2025 7:03 AM IST

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ മേൽക്കൈ നേടിയ സമയത്ത് വെടിനിറുത്തൽ പ്രഖ്യാപിച്ചതിന്റെ കാരണവും അതിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പങ്കും കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്. രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഇത്തരം നിർണായക കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തത വരുത്തിയില്ലെന്ന് മുതിർന്ന നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് ആരോപിച്ചു. ഇന്ത്യൻ സേനയ്‌ക്ക് മേൽക്കൈ ലഭിച്ച സമയത്ത് പെട്ടെന്ന് വെടിനിറുത്തൽ പ്രഖ്യാപിച്ചതിലൂടെ ഭീകരത എന്നെന്നേക്കുമായി പരിഹരിക്കാനുള്ള സുവർണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്. വെടിനിറുത്തൽ കരാർ പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രിയുടെയോ തലത്തിൽ നടക്കണമായിരുന്നു. ഭാവിയിൽ പാക് സൈന്യം ഇന്ത്യയ്‌ക്കെതിരെ ഭീകരതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഉറപ്പാക്കണമായിരുന്നു. പെട്ടെന്നുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റാണ്. അതും രാജ്യമെമ്പാടും ഞെട്ടലും ആശ്ചര്യവും ഉണ്ടാക്കി. ട്രംപിന്റെ പ്രസ്താവനകൾ അസ്വസ്ഥത ഉളവാക്കുന്നതും അപകടകരവുമാണ്. കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ കേന്ദ്ര സർക്കാരിന്റെ സമ്മതത്തോടെയാണോ എന്നറിയണം.

വെടിനിറുത്തലിന് തയ്യാറായില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന ട്രംപിന്റെ പ്രസ്താവന പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടുമുമ്പാണ് വന്നത്. പ്രധാനമന്ത്രി അതിന് മറുപടി നൽകണമായിരുന്നു. സർക്കാരിന്റെ മൗനം ട്രംപിന് കശ്മീർ വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾ നടത്താൻ ധൈര്യമായി. ഐക്യരാഷ്ട്രസഭയുടെ പോലും മദ്ധ്യസ്ഥത ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ പരമ്പരാഗത നിലപാട്.

പൗരന്മാരുടെ വിവിധ ആശങ്കകൾ പരിഹരിക്കുന്നതിനായി ഒരു സർവകക്ഷി യോഗവും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും വിളിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ഗെലോട്ട് ആവർത്തിച്ചു.