സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യു.എസും സൗദിയും  142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിന് ധാരണ

Wednesday 14 May 2025 7:03 AM IST

റിയാദ്: തന്ത്രപരമായ സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യു.എസും സൗദി അറേബ്യയും. ഗൾഫ് സന്ദർശനത്തിന് തുടക്കം കുറിച്ച് ഇന്നലെ സൗദിയിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിർണായക കരാറിൽ ഒപ്പിട്ടത്. യു.എസിൽ സൗദി 600 ബില്യൺ ഡോളർ നിക്ഷേപം നടത്തും. സൗദിയുമായി 142 ബില്യൺ ഡോളറിന്റെ ആയുധ ഇടപാടിന് യു.എസ് ധാരണയായി. ഊർജ്ജം, ധാതു വിഭവ മേഖലകളിലെ ധാരണാപത്രങ്ങളും യു.എസ് നീതി മന്ത്രാലയവുമായി ബന്ധപ്പെട്ട സഹകരണവും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. ബഹിരാകാശം, പകർച്ചവ്യാധി മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. വാഷിംഗ്ടണിലെ സ്മിത്ത് സോണിയൻ മൃഗശാലയ്ക്ക് വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുലിയെ കൈമാറാൻ സൗദി തീരുമാനിച്ചു. റിയാദ് വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ സ്വീകരിക്കാൻ സൽമാൻ നേരിട്ടെത്തിയിരുന്നു. മുതിർന്ന ഉപദേഷ്ടാവും ശതകോടീശ്വരനുമായ ഇലോൺ മസ്ക് അടക്കം ബിസിനസ് പ്രമുഖരും ട്രംപിനൊപ്പമുണ്ടായിരുന്നു. സൗദി-യു.എസ് നിക്ഷേപ ഫോറത്തിലും ട്രംപ് പങ്കെടുത്തു. യു.എസിന്റെ സുപ്രധാന ഊർജ്ജ പങ്കാളിയാണ് സൗദി. പതിറ്റാണ്ടുകളായി ശക്തമായ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ. സൗദി എണ്ണ വിതരണം ചെയ്യുമ്പോൾ യു.എസ് പകരമായി സുരക്ഷ നൽകുന്നു.

ഇന്ന് ഖത്തറിലെത്തുന്ന ട്രംപ് നാളെ യു.എ.ഇയിലേക്ക് തിരിക്കും. ട്രില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം നേടുകയാണ് സമ്പന്ന ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. അതേ സമയം, മിഡിൽ ഈസ്റ്റിലെ യു.എസിന്റെ അടുത്ത സഖ്യ കക്ഷിയായ ഇസ്രയേലിലേക്ക് ട്രംപ് സന്ദർശനം നടത്താത്തത് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഗാസ യുദ്ധം മുതൽ ഇറാന്റ ആണവ പദ്ധതി അടക്കം ഇസ്രയേലുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങളിൽ യു.എസ് ഇടപെടുന്നുണ്ട്. ജനുവരിയിൽ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. നേരത്തെ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം റോമിലെത്തിയിരുന്നു.

 തുർക്കിയിലേക്ക് ?

യു.എ.ഇ സന്ദർശിച്ച ശേഷം ട്രംപ് തുർക്കിയിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. നാളെ ഇസ്‌താംബുളിൽ വച്ച് യുക്രെയിനുമായി നേരിട്ട് ചർച്ച നടത്താൻ റഷ്യ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചിരുന്നു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മദ്ധ്യസ്ഥത തുടരുന്നതിനിടെയാണ് പുട്ടിന്റെ പ്രഖ്യാപനം. പുട്ടിന്റെ നിർദ്ദേശം സെലെൻസ്കി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ പുട്ടിനും സെലെൻസ്കിയും മുഖാമുഖം ചർച്ചയ്ക്കെത്തുമോ എന്ന് വ്യക്തമല്ല.